തര്‍ക്കങ്ങളില്ലാതെ തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടാന്‍ യുഡിഎഫ് യോഗത്തില്‍ തീരുമാനം

 
തിരുവനന്തപുരം: തര്‍ക്കങ്ങളില്ലാതെ തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടാന്‍ യുഡിഎഫ് യോഗത്തില്‍ തീരുമാനം. ജനതാദളിന് കോഴിക്കോട് യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം നല്‍കാനും യോഗത്തില്‍ ധാരണയായി. എം.പി.വീരേന്ദ്രകുമാറിന്റെ തോല്‍വി സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് നടപ്പാക്കും. അടുത്ത മാസം ആറിന് പ്രത്യേക തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ എറണാകുളത്തുവച്ചു ചേരും. തിരഞ്ഞെടുപ്പു പ്രചരണത്തിന് ഉപയോഗിക്കേണ്ട പ്രകടനപത്രിക സംബന്ധിച്ച് അന്നു തീരുമാനമെടുക്കും, യുഡിഎഫ് ഉന്നതാധികാരയോഗത്തിനു ശേഷം യുഡിഎഫ് കണ്‍വീനര്‍ മാധ്യമങ്ങളെ അറിയിച്ചതാണ് ഇക്കാര്യങ്ങള്‍.

ഘടകകക്ഷി സീറ്റില്‍ കോണ്‍ഗ്രസ് വിമതര്‍ മല്‍സരിക്കുന്ന സാധ്യത ഒഴിവാക്കണമെന്ന് ഘടകകക്ഷികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ഘടകകക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും. ഇതു പ്രത്യേക കണ്‍വന്‍ഷനു മുന്‍പായി നടത്തും. പുതിയ കക്ഷികളെ നിലവില്‍ യുഡിഎഫില്‍ എടുക്കില്ല. ആര്‍എംപിയുമായി സഹകരിക്കാന്‍ നീക്കമില്ല. സീറ്റ് വിഭജനം സംബന്ധിച്ചു താഴേത്തട്ടില്‍ ചര്‍ച്ച നടത്തും. ഇക്കാര്യത്തില്‍ ജില്ലാതലത്തില്‍ തര്‍ക്കങ്ങളുണ്ടായാല്‍ യുഡിഎഫ് നേതൃത്വം ഇടപെടും. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ പ്രചാരണം നടത്തും. ഇതിനായി ലഘുലേഖ പുറത്തിറക്കും. എം.എം. ഹസനാണ് അതിന്റെ ചുമതല. ഈ മാസം 30ന് മുന്‍പ് ജില്ലാ കണ്‍വന്‍ഷനുകള്‍ നടപ്പാക്കും.
മൂന്നാര്‍ സമരത്തില്‍ സര്‍ക്കാര്‍ മികച്ച രീതിയില്‍ ഇടപെട്ടു. മൂന്നാറിലെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം മാറണം. തിരഞ്ഞെടുപ്പിനു മുന്‍പ് വിവാദങ്ങള്‍ പാടില്ല. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചു ഒന്നിച്ചു മുന്നോട്ടുപോകാനും യുഡിഎഫ് യോഗത്തില്‍ ധാരണയായി.

© 2024 Live Kerala News. All Rights Reserved.