കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും തടവു ചാടിയ വനിത പിടിയില്‍

കോഴിക്കോട്: കുതിരവട്ടത്തെ മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്നു തടവുചാടിയ വനിത കൊച്ചിയില്‍ പിടിയില്‍. ആശുപത്രിയുടെ ഭിത്തി തുരന്നാണ് പരപ്പനങ്ങാടി സ്വദേശിയായ നസീമ രക്ഷപെട്ടത്. മഴു ഉപയോഗിച്ചാണ് ഭിത്തി തുരന്നത്. കൊച്ചിയിലെ ഫ്‌ലാറ്റിലായിരുന്നു താമസം. മാനസികരോഗിയായി അഭിനയിച്ചാണ് ആശുപത്രിയില്‍ ചികില്‍സ തേടിയത്. വീട്ടുകാരെ മയക്കികിടത്തി ആഭരണങ്ങള്‍ കൊള്ളയടിക്കലാണ് നസീമയുടെ ശൈലി. ഇത്തരം 12 കേസുകളിലെ പ്രതിയാണ് നസീമ.

അടുക്കള ജോലിക്കാരി ചമഞ്ഞു വീടുകളില്‍ കയറിപ്പറ്റി, പാലിലും ജ്യൂസിലും മയക്കുമരുന്നു കലര്‍ത്തി വീട്ടുകാര്‍ക്കു നല്‍കും. പിന്നെ, ആഭരണങ്ങള്‍ തട്ടിയെടുക്കും. അടുക്കള ജോലിക്കാരിയെ ആവശ്യമുണ്ടെന്ന പരസ്യം നോക്കിയാണു വീടുകള്‍ തിരഞ്ഞെടുക്കുന്നത്. അറയ്ക്കല്‍ കുടുംബാംഗമാണെന്നു തെറ്റിദ്ധരിപ്പിച്ചു വിവാഹം കഴിച്ച ശേഷം, വരന്റെ വീട്ടില്‍നിന്ന് ആഭരണങ്ങള്‍ തട്ടിയെടുത്തു മുങ്ങിയെന്നതാണ് അവസാനത്തെ കേസ്. വേങ്ങര പൊലീസ് അറസ്റ്റ് ചെയ്ത ശേഷം റിമാന്‍ഡില്‍ കഴിയുമ്പോഴാണ് തടവുചാടിയത്.
ഓഗസ്റ്റ് 15നാണ് ഇവര്‍ രക്ഷപെട്ടത്. അതിനുശേഷം പൊലീസ് ജാഗരൂകരായിരുന്നു. ഇവര്‍ക്ക് അസുഖമില്ലെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഇവരെ ഡിസ്ചാര്‍ജ് ചെയ്യാനിരുന്നതിന്റെ തലേ ദിവസമാണ് ഇവര്‍ രക്ഷപെട്ടത്. ഇന്നലെ രാത്രി കൊച്ചി എംജി റോഡിലെ ഒരു ലോഡ്ജില്‍ നിന്നാണ് ഇവരെ പിടികൂടിയത്. പൊലീസ് സംഘം ഇവരെയും കൊണ്ട് കോഴിക്കോടിനു പോയി.

© 2023 Live Kerala News. All Rights Reserved.