വയനാട്: പുല്‍പ്പള്ളിയില്‍ കുട്ടികളില്ലാത്ത ആദിവാസി യുവാവിനെ വന്ധ്യംകരണം നടത്തിയ സംഭവത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ്. സമ്മതപത്രത്തില്‍ ഒപ്പിട്ടതിനാല്‍ നടപടികളെടുക്കാന്‍ കഴിയില്ലെന്ന നിലപാടിലാണു വകുപ്പ്. എന്നാല്‍ വന്ധ്യംകരണത്തിനു വിധേയനാക്കിയ യുവാവിന് കുട്ടികളില്ലെന്ന വിവരം ആരോഗ്യവകുപ്പു ജീവനക്കാരറിയുന്നത് മാധ്യമങ്ങളിലൂടെയാണ്.
സമ്മതപത്രത്തില്‍ ഒപ്പിട്ടു വാങ്ങിയശേഷമായിരുന്നു വന്ധ്യംകരണം നടത്തിയതെന്നാണ് ജില്ലാ മെഡിക്കല്‍ ഓഫിസറുടെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. രേഖാമൂലം വീഴച സംഭവിക്കാത്തതിനാല്‍ നടപടിയെടുക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ആരോഗ്യവകുപ്പ്. വന്ധ്യംകരണത്തിനായി ചന്ദ്രന്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രദീപ് കുമാറിനെ സമീപിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കുട്ടികളില്ലെന്ന വിവരം ഉദ്യോഗസ്ഥര്‍ അറിയുന്നതു മാധ്യമങ്ങളില്‍ വാര്‍ത്തവന്നപ്പോഴാണ്. രണ്ടു കുട്ടികളുണ്ടെന്നു സമ്മതപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു.
വിവാഹം കഴിഞ്ഞ് ഒന്‍പതു വര്‍ഷമായിട്ടും കുട്ടികളില്ലാതെ ജീവിക്കുന്ന ചന്ദ്രനെ നാട്ടുകാര്‍ക്കെല്ലാം അറിയാവുന്നതാണ്. എന്നിട്ടും ആരോഗ്യവകുപ്പിന്റെ ഫീല്‍ഡ് സ്റ്റാഫിനു മാത്രം ഇതു കണ്ടെത്താനായില്ല. ആരോഗ്യവകുപ്പു രേഖകള്‍ തെളിവാക്കി കൈകഴുകുമ്പോഴും തന്നെ നിര്‍ബന്ധിത വന്ധ്യംകരണത്തിനു വിധേയനാക്കിയെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ചന്ദ്രന്‍. ഇനി ഒപ്പിട്ട സാഹചര്യം കണ്ടെത്തിയാല്‍ മാത്രമേ വീഴ്ച സംഭവിച്ചത് എങ്ങനെയെന്ന് മനസിലാക്കാനാകു. ഇതിനായി പുല്‍പ്പള്ളി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണമാണ് ആശ്രയം.