പുതിയ ദേശീയ എന്‍ക്രിപ്ഷന്‍ നയത്തിന്റെ കരടുരേഖയില്‍ നിന്ന് സോഷ്യല്‍മീഡിയയെ കേന്ദ്രം ഒഴിവാക്കി

ന്യൂഡല്‍ഹി: വിവാദങ്ങളുയര്‍ന്നതിനെ തുടര്‍ന്നു പുതിയ ദേശീയ എന്‍ക്രിപ്ഷന്‍ നയത്തിന്റെ കരടുരേഖയില്‍ നിന്ന് സോഷ്യല്‍മീഡിയയെ കേന്ദ്രം ഒഴിവാക്കി. വ്യക്തികളുടെ ഇമെയില്‍, വാട്‌സാപ് തുടങ്ങി എല്ലാം തന്നെ പരിശോധിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നായിരുന്നു കരടുരേഖ. ഇതില്‍ കടുത്ത പ്രതിഷേധമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്നത്. ഇതേത്തുടര്‍ന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം വിശദീകരണ കുറിപ്പ് ഇറക്കി വലിയ രീതിയില്‍ എന്‍ക്രിപ്ഷന്‍ പ്രോഡക്റ്റുകള്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ വെബ്‌സൈറ്റുകള്‍, വെബ് ആപ്ലിക്കേഷനുകള്‍, സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകള്‍ (വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ പോലുള്ളവ) തുടങ്ങിയവയെ ഒഴിവാക്കിയതായി അറിയിച്ചത്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദേശമനുസരിച്ച് ഇന്റര്‍നെറ്റ് ബാങ്കിങ്, പേയ്‌മെന്റ് ഗേറ്റ്വേകള്‍ എന്നിവയിലുപയോഗിക്കുന്ന എസ്എസ്എല്‍ / ടിഎല്‍എസ് എന്‍ക്രിപ്ഷന്‍ പ്രോഡക്റ്റുകള്‍, ഇ കൊമേഴ്‌സ്, പാസ്‌വേര്‍ഡ് ഉപയോഗിച്ചു നടത്തുന്ന ഇടപാടുകള്‍ എന്നിവയില്‍ ഉപയോഗിക്കുന്ന എസ്എസ്എല്‍ / ടിഎല്‍എസ് എന്‍ക്രിപ്ഷന്‍ പ്രോഡക്റ്റുകള്‍ എന്നിവയെയും ഒഴിവാക്കിയതായി വിശദീകരണക്കുറിപ്പിലുണ്ട്. സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകളെ ഒഴിവാക്കി മന്ത്രാലയം ഇറക്കിയ പുതിയ അനുബന്ധം വായിക്കാം ഇവിടെ ക്ലിക്ക് ചെയ്യുക!
സ്വകാര്യ ബിസിനസ് സെര്‍വറില്‍ ശേഖരിക്കുന്ന വിവരവും പരിശോധിക്കാം. മാത്രമല്ല സന്ദേശങ്ങള്‍ 90 ദിവസത്തേക്ക് സൂക്ഷിക്കണമെന്നും വേണ്ടിവന്നാല്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് കൈമാറാന്‍ തയാറായിരിക്കണമെന്നും പുതിയ നയം നിഷ്‌കര്‍ഷിക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഇലക്ട്രോണിക്‌സ് വകുപ്പിലെയും വിവരസാങ്കേതിക വകുപ്പിലെയും വിദഗ്ധരടങ്ങിയ സമിതിയാണ് കരടുനയം തയാറാക്കിയത്. ഒക്ടോബര്‍ 16 വരെ പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാന്‍ സമയമുണ്ട്. നാഷണല്‍ എന്‍ക്രിപ്ഷന്‍ പോളിസിയുടെ പ്രസക്തമായ ഭാഗങ്ങള്‍ ഇവയാണ്.

1എന്‍ക്രിപ്ഷന്‍ പ്രോഡക്റ്റുകള്‍ കൈകാര്യം ചെയ്യുന്ന എല്ലാവരും സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഏജന്‍സിയില്‍ റജിസ്റ്റര്‍ ചെയ്യണം.

2 രാജ്യത്തിനുള്ളില്‍ ഏതൊക്കെ എന്‍ക്രിപ്ഷന്‍ പ്രോഡക്റ്റുകള്‍ ആകാമെന്ന് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കും.

3 എന്‍ക്രിപ്ഷന്‍ പ്രോഡക്റ്റ് മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാം. പക്ഷേ അതിന് മുന്‍കൂര്‍ അനുമതി വേണം. പല രാജ്യങ്ങളും കയറ്റുമതി അനുവദിച്ചിട്ടില്ല.

4 എല്ലാ വ്യക്തികളും സര്‍ക്കാര്‍, സ്വകാര്യ, ബിസിനസ് സ്ഥാപനങ്ങളും എന്‍ക്രിപ്റ്റ് വിവരങ്ങള്‍ 90 ദിവസത്തേക്ക് സൂക്ഷിക്കണം. ഇവ വേണ്ടിവന്നാല്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് പരിശോധിക്കാന്‍ കൈമാറണം.

5വ്യക്തികളുടെ ഇമെയില്‍, വാട്‌സാപ് തുടങ്ങി സ്വകാര്യ ബിസിനസ് സെര്‍വര്‍ വരെ സര്‍ക്കാരിന്റെ നിരീക്ഷണത്തിലായിരിക്കും.

6 അന്യരാജ്യങ്ങളിലേക്ക് എന്‍ക്രിപ്റ്റ് ഡേറ്റ അയക്കുന്നവര്‍ അത് രാജ്യത്തിനുള്ളില്‍ ഏതു സമയത്തും പരിശോധനയ്ക്ക് നല്‍കാന്‍ തയാറായിരിക്കണം.

7ഒരു വിദഗ്ധ ഉപദേശക സമിതിയായിരിക്കും ഈ മേഖലയിലെ സാങ്കേതിക മാറ്റങ്ങള്‍ വിലയിരുത്തുക.

8 വിവര സാങ്കേതിക വകുപ്പ് ഒക്ടോബര്‍ 16 വരെ പൊതുജനങ്ങളില്‍ നിന്ന് ഈ നയത്തെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കും. ഇവ അയക്കേണ്ട ഇ_മെയില്‍ വിലാസം: akrishnan@detiy.gov.in

© 2023 Live Kerala News. All Rights Reserved.