അടുത്ത ലക്ഷ്യം ഒരു മാധ്യമപ്രവര്‍ത്തകനായിരുന്നു; പന്‍സാരെ കേസില്‍ അറസ്റ്റിലായ സനാതന്‍ സന്‍സ്ത പ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

മുംബൈ: പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും പുരോഗമന പ്രവര്‍ത്തകനുമായിരുന്ന ഗോവിന്ദ് പന്‍സാരെ വധക്കേസില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന തീവ്ര ഹിന്ദു സംഘടന കൂടുതല്‍ പേരെ വധിക്കാന്‍ പദ്ധതിയിട്ടതായി വെളിപ്പെടുത്തല്‍. തങ്ങളുടെ അടുത്ത ഇര പ്രമുഖ മറാത്തി മാധ്യമപ്രവര്‍ത്തകനായ നിഖില്‍ വാംഗ്ലെയെ കൊലപ്പെടുത്താനും പദ്ധതിയിട്ടിരുന്നതായി  കേസില്‍ അറസ്റ്റിലായ സനാതന്‍ സന്‍സ്ത എന്ന തീവ്ര ഹിന്ദുത്വ സംഘടനാംഗമായ സമീര്‍ ഗെയ്ക്ക് വാദാണ് പൊലീസിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതേ സംഘടനാംഗങ്ങള്‍ തന്നെയാണ് പന്‍സാരെ വധക്കേസിന് പിന്നിലുമുള്ളത്. സനാതന്‍ സന്‍സ്ത അംഗത്തിന്റെ ഫോണ്‍ സംഭാഷണത്തില്‍ നിന്നാണ് പന്‍സാരെക്ക് ശേഷം മാധ്യമപ്രവര്‍ത്തകനെ വധിക്കാനായിരുന്നു പദ്ധതിയിട്ടതെന്ന് മനസ്സിലാക്കിയതെന്ന് പൊലീസിനോട് ഗെയ്ക്ക്‌വാദ് സമ്മതിച്ചു. പന്‍സാരെയുടെ മരണത്തിന് ശേഷം കര്‍ശനനിരീക്ഷണത്തിലായിരുന്ന ഇാളുടെ ഫോണ്‍ ട്രാക്ക് ചെയ്തതിനെ തുടര്‍ന്നാണ് മഹാരാഷ്ട്രയില്‍ വെച്ച് ഗെയ്ക്ക് വാദ് അറസ്റ്റിലാവുന്നത്. പന്‍സാരെയുടെ വധത്തിന് ശേഷമുള്ള ഇയാളുടെ  ഫോണ്‍ സംഭാഷണവും പൊലീസിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി 16 നാണ് മഹാരാഷ്ട്രയിലെ കോലാപ്പൂരില്‍ വച്ച് ഭാര്യക്കൊപ്പം പ്രഭാതസവാരിക്കിറങ്ങിയ പന്‍സാരയെയും ഭാര്യ ഉമയെയും വെട്ടിപ്പരിക്കേല്‍പ്പിച്ചത്. നാല് ദിവസം ചികിത്സയില്‍ കഴിഞ്ഞ ശേഷം പന്‍സാരെ മരണത്തിന് കീഴടങ്ങുകയായിരുന്നു.   മഹാരാഷ്ട്രയിലെ  അനാചാരങ്ങള്‍ക്കെതിരെയുള്ള ബില്ല് സംബന്ധിച്ച് 2011 ല്‍ ഒരു ടിവി ഷോയിലെ അവതാരകനായിരിന്നു വാംഗ്ലേ. പരിപാടിക്കിടെ സനാതന്‍ സന്‍സ്ത അംഗം പ്രതിഷേധം രേഖപ്പെടുത്തി ഇറങ്ങിപ്പോയിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് തീവ്ര ഹിന്ദുത്വ വിഭാഗത്തില്‍ നിന്ന് തനിക്ക് നിരന്തരം ഭീഷണികള്‍ ഉണ്ടാവാറുണ്ടെന്ന് വാഗ്ലെ അറിയിച്ചു. ഈ പശ്ചാത്തലത്തില്‍ മഹാരാഷ്ട്ര പൊലീസില്‍ നിന്ന് സുരക്ഷാ വാഗ്ദാനം ലഭിച്ചതായി വാംഗ്‌ലെ  സ്ഥിരീകരിച്ചു. എന്നാല്‍ പൊലീസ് സുരക്ഷയെന്ന ആവശ്യം ഇദ്ദേഹം നിരാകരിച്ചിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.