റോഡിലെ കുഴിയില്‍ അബോധാവസ്ഥയില്‍ വീണയാളെ തൊഴിലാളികള്‍ കുഴിയിലിട്ട് മൂടി

 

ഭോപ്പാല്‍:മധ്യപ്രദേശിലെ കട്‌നി ജില്ലയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന റോഡിലെ കുഴിയില്‍ അബോധാവസ്ഥയില്‍ വീണ 45 വയസ്സുകാരനെ തൊഴിലാളികള്‍ കുഴിയിലിട്ട് മൂടി. കോണ്‍ക്രീറ്റും ടാറുമടക്കം ഒഴിച്ച് കുഴി മൂടിയതോടെ അകത്ത് പെട്ടുപോയ ഭോപ്പാല്‍ സ്വദേശി ലത്തോരി ബര്‍മ്മന്‍ കൊല്ലപ്പെട്ടു. സ്ലീമാനബാദ് റോഡില്‍ രാത്രിയില്‍ നടന്ന നിര്‍മ്മാണ പ്രവര്‍ത്തനത്തിനിടയിലാണ് സംഭവം.

മദ്യപിച്ച് അബോധാവസ്ഥയിലാണ് ലത്തോരി ബര്‍മ്മന്‍ കുഴിയില്‍ വീണത്. റോഡിലെ കുഴി വളരെ വലുതായതിനാല്‍ റോഡിലൂടെ വാഹന ഗതാഗതം ദിവസങ്ങളായി ഉണ്ടായിരുന്നില്ല. രാത്രിയില്‍ നിര്‍മ്മാണ ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ കുഴിയില്‍ വീണു കിടന്ന മനുഷ്യനെ ശ്രദ്ധിക്കാതെ ടാറും കോണ്‍ക്രീറ്റുമെല്ലാം ഒഴിച്ച് കുഴി അടച്ചു. ടാര്‍ നിരപ്പാക്കാന്‍ മുകളിലൂടെ റോഡ് റോളറും ഓടിച്ചു.

അടുത്ത ദിവസം നാട്ടുകാരാണ് ടാറിട്ട റോഡിന് മുകളില്‍ ഉയര്‍ന്ന് നില്‍ക്കുന്ന കൈകണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് റോഡിനടിയില്‍ നിന്ന് ലത്തോരി ബര്‍മ്മന്റെ മൃതദേഹം കണ്ടെടുത്തത്. സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് ഭോപ്പാലില്‍ ഉടലെടുക്കുന്നത്. കുഴി അടച്ച തൊഴിലാളിയേയും റോഡ് റോളര്‍ ഡ്രൈവറേയും ഭോപ്പാല്‍ പോലീസ് അറസ്റ്റ് ചെയ്തു

© 2023 Live Kerala News. All Rights Reserved.