ഇഷ്ടാനുസരം പാർക്കിങ് ഫീസ് വാങ്ങൽ ഇനി നടക്കില്ല

ഷാർജ ∙ സർക്കാർ ഇതര പാർക്കിങ് കേന്ദ്രങ്ങളിലെ നിരക്ക് ഏകീകരിക്കുമെന്നു നഗരസഭ. ഇത്തരം പാർക്കിങ്ങുകളുടെ നടത്തിപ്പുകാർ ഇഷ്‌ടാനുസരണം നിരക്ക് ഈടാക്കുന്നതായി പരാതി ലഭിച്ച സാഹചര്യത്തിലാണു നഗരസഭയുടെ നീക്കം. പാർപ്പിട കെട്ടിടങ്ങൾക്കും ടവറുകൾക്കും കീഴിലുമുള്ള പാർക്കിങ്ങുകളുടെ നിരക്ക് 40 ശതമാനം വരെ ഉയർന്നതായാണു താമസക്കാരുടെ പരാതി. ഇഷ്‌ടാനുസരണം പാർക്കിങ് നിരക്കു കൂട്ടുന്നതു തടയാൻ അധികൃതർ ഇടപെടണമെന്ന് ആവശ്യം ഉയർന്നിരുന്നു.

കെട്ടിടവാടക കൂടിയതിനു പുറമേ പാർക്കിങ് നിരക്കിലുണ്ടാകുന്ന വർധന താമസക്കാർക്കു സാമ്പത്തിക പ്രയാസമുണ്ടാക്കുകയാണ്. മജാസ്, അൽ താവുൻ, ഖാസിമിയ്യ, അൽഖാൻ മേഖലയിലെ പാർക്കിങ് ചാർജ് ഇരട്ടിയാക്കിയിട്ടുണ്ട്. ചിലയിടങ്ങളിൽ വാഹനം പാർക്കു ചെയ്യുന്നതിനുള്ള വാർഷിക നിരക്ക് 8000 ദിർഹം വരെ എത്തി. നിരക്കുകൾ വർഷത്തിൽ നാലുതവണ കൂട്ടുന്ന കെട്ടിടമുടമകളുമുണ്ട്.

വിവിധ മേഖലകളിൽ നിന്നുമെത്തിയ ഇത്തരം പരാതികൾ പരിഹരിക്കാൻ സാമ്പത്തിക മന്ത്രാലയം, ലാൻഡ് ഡിപാർട്ട്‌മെന്റ്, റിയൽ എസ്‌റ്റേറ്റ് എന്നിവയുമായി സഹകരിച്ച് പാർക്കിങ് നിരക്ക് ഏകീകരിക്കുമെന്നു മുനിസിപ്പാലിറ്റിയിലെ പബ്ലിക് പാർക്കിങ് ഡിപാർട്ട്‌മെന്റ് ഡയറക്‌ടർ അഹ്‌മദ് അൽ ബർദാൻ അറിയിച്ചു. മേഖലകൾ മാറുന്നതോടെ പാർക്കിങ് നിരക്കിൽ വ്യത്യാസം വരികയാണ്.

എമിറേറ്റിൽ പാർക്കിങ് നിരക്കായി ഈടാക്കാവുന്ന പരമാവധി തുക നഗരസഭ നിശ്‌ചയിക്കും. ഓരോ മേഖലയിലെ കെട്ടിടവാടകയും പാർക്കിങ് നിരക്കും തമ്മിൽ താരതമ്യം ചെയ്യും. പാർക്കിങ് ജോലിക്കാർക്കു യൂണിഫോം നിർബന്ധമാക്കും. 24 മണിക്കൂറും പാർക്കിങ് സ്‌ഥലം നിരീക്ഷിക്കാൻ പാറാവുകാരെ നിയമിക്കേണ്ടിവരും. ഉൾപാർക്കിങ്ങുകളുടെ വ്യാപ്‌തിയും വാഹനങ്ങൾക്ക് അനുസരിച്ചു ക്രമീകരിക്കും.

മരുഭൂമേഖലകൾ പാർക്കിങ് ഇടങ്ങളാക്കി മാറ്റുന്നതിലെ പ്രയാസങ്ങളും നഗരസഭ നിരീക്ഷിക്കുകയാണെന്ന് മുനിസിപ്പാലിറ്റി അസി. ഡയറക്‌ടർ ഉമർ അൽശാർജി അറിയിച്ചു. ഇത്തരം മേഖലകളിൽ തലങ്ങും വിലങ്ങും വാഹനങ്ങൾ പാർക്ക്‌ ചെയ്യുന്നത് തടയും. സ്‌ഥലമുടമകളുടെ അപേക്ഷ പ്രകാരം എമിറേറ്റിൽ 140 ഭൂപ്രദേശങ്ങൾ പാർക്കിങ് ഏരിയകളാക്കാൻ അനുമതി നൽകിയതായി ഉമർ പറഞ്ഞു.

അൽഖാൻ, മജാസ്, അൽ താവുൻ, നഹ്‌ദ മേഖലകളിൽ വാഹനം നിർത്താൻ നിക്ഷേപാടിസ്‌ഥാനത്തിൽ പെർമിറ്റ് നൽകിയിട്ടുണ്ട്. ഇതിന്റെ നടത്തിപ്പുകാർ താമസക്കാർക്ക് അധികബാധ്യത വരുത്താത്ത ന്യായമായ നിരക്കാണ് നിശ്‌ചയിക്കേണ്ടത്. അപേക്ഷ സ്വീകരിക്കലും പെർമിറ്റ് നൽകലിലും മാത്രം പരിമിതമല്ല നഗരസഭയുടെ നടപടികൾ. ഭൂവുടമകൾ ഈടാക്കുന്ന നിരക്കും നിരീക്ഷിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും. പെയ്‌ഡ് പാർക്കിങ്ങാക്കി മാറ്റിയതോടെ പല മേഖലയിലെയും പാർക്കിങ് പ്രശ്‌നം പരിഹരിക്കാനായതായും ഉമർ വ്യക്‌തമാക്കി.

© 2024 Live Kerala News. All Rights Reserved.