ഇരിട്ടി: ആറളം ഫാം തൊഴിലാളികള്‍ പരിഷ്‌കരിച്ച ശമ്പളം ആവശ്യപ്പെട്ട് അനിശ്ചിതകാല സമരം തുടങ്ങി. ഫാമിലെ തൊഴിലാളികള്‍ക്ക് സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള മറ്റ് ഫാമുകളിലെ തൊഴിലാളികള്‍ക്ക് അനുവദിക്കുന്ന സേവനവേതനം ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. നിരവധി തവണ മുഖ്യമന്ത്രിയുമായും മറ്റ് മന്ത്രിമാരുമായും ചര്‍ച്ച നടത്തിയെങ്കിലും അഞ്ചുവര്‍ഷമായി തൊഴിലാളികള്‍ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് തൊഴിലാളി യൂണിയന്‍ നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
മാസങ്ങള്‍ക്കുമുമ്പ് തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചയില്‍ അടുത്ത മന്ത്രിസഭായോഗത്തില്‍ തീരുമാനം ഉണ്ടാക്കാമെന്ന ഉറപ്പും ലംഘിക്കപ്പെട്ടതോടെയാണ് തൊഴിലാളികള്‍ സമരമാര്‍ഗത്തിലേക്ക് നീങ്ങിയത്. നേരത്തേ തൊഴിലാളികള്‍ക്ക് പരിഷ്‌കരിച്ച ശമ്പളം ലഭിക്കുന്നതുവരെ 2,000 രൂപയുടെ ഇടക്കാലാശ്വാസം പ്രഖ്യാപിച്ചിരുന്നു. ഫാം സംസ്ഥാന സര്‍ക്കാറിന് വിട്ടുകൊടുക്കുമ്പോള്‍ 2004ല്‍ ലഭിച്ചുക്കൊണ്ടിരുന്ന വേതനമാണ് ഇപ്പോഴും ലഭിക്കുന്നത്.
പട്ടികവര്‍ഗ വിഭാഗം പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് തൊഴിലാളികള്‍ക്ക് പരിഷ്‌കരിച്ച ശമ്പളം നല്‍കുന്നതില്‍ എതിരുനില്‍ക്കുന്നതെന്ന് തൊഴിലാളിനേതാക്കള്‍ ആരോപിച്ചു. പരിഷ്‌കരിച്ച ശമ്പളം ലഭിക്കുന്നതുവരെ സമരം തുടരുമെന്നും നേതാക്കള്‍ പറഞ്ഞു. ഫാമില്‍ 219 സ്ഥിരം തൊഴിലാളികളും 304 താത്കാലിക തൊഴിലാളികളുമുണ്ട്. തൊഴിലാളികളില്‍ ഭൂരിഭാഗം പേരും 15 വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസുള്ളവരാണ്. പലര്‍ക്കും പ്രതിമാസം 10,000ല്‍ താഴെ വേതനമാണ് ലഭിക്കുന്നത്. പരിഷ്‌കരിച്ച ശമ്പളം അനുവദിക്കുന്നതിലൂടെ തൊഴിലാളികളുടെ വരുമാനം ഇരട്ടിയോളമായി വര്‍ധിക്കും. സര്‍ക്കാറിന്റെ മറ്റ് ഫാമുകളിലെ തൊഴിലാളികള്‍ എല്ലാ ആനുകൂല്യങ്ങളും പറ്റുമ്പോഴാണ് ഇതേ വിഭാഗത്തില്‍പ്പെട്ട ആറളം ഫാം തൊഴിലാളികള്‍ നാമമാത്രമായ കൂലിക്ക് ജോലിചെയ്യേണ്ടിവരുന്നത്.
കൃഷിവകുപ്പുമായി ബന്ധപ്പെട്ട് ഫാമില്‍ വന്‍ അഴിമതികളാണ് നടക്കുന്നതെന്ന് തൊഴിലാളി യൂണിയന്‍ നേതാക്കള്‍ ആരോപിച്ചു. ഫാമിന്റെ വരുമാനം വര്‍ധിപ്പിക്കുന്നതിനായി പ്രഖ്യാപിച്ച പല പദ്ധതികളും അട്ടിമറിക്കപ്പെട്ടതായി നേതാക്കളായ കെ.വേലായുധന്‍, കെ.കെ.ജനാര്‍ദനന്‍, കെ.ടി.ജോസ്, ആര്‍.ബി. പിള്ള, ആന്റണി ജേക്കബ് എന്നിവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.