ഹിന്ദു പെൺകുട്ടി ഐഎസിൽ ചേരാൻ പദ്ധതിയിട്ടു; പിതാവ് എൻഐഎയെ അറിയിച്ചു

‌‌ന്യൂഡൽഹി∙ ബിരുദധാരിയായ ഹിന്ദു പെൺകുട്ടി ഇസ്‍ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരസംഘടനയിൽ ചേരാൻ സിറിയയിലേക്കു പോകാൻ പദ്ധതിയിട്ടതായി സൂചന. ഇക്കാര്യം മനസ്സിലാക്കിയ പെൺകുട്ടിയുടെ പിതാവ് സഹായം അഭ്യർഥിച്ച് ദേശീയ അന്വേഷണ ഏജൻസിയെ സമീപിച്ചതായി ഒരു പ്രമുഖ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

ഇന്ത്യൻ സേനയിൽ നിന്നും വിരമിച്ച ലഫ്റ്റനന്റ് കേണലിന്റെ മകളാണു പെൺകുട്ടി. ഡൽഹി സർവകലാശാലയിൽ നിന്നും ബിരുദമെടുത്ത പെൺകുട്ടി ബിരുദാന്തര ബിരുദം നേടാനായാണ് ഓസ്ട്രേലിയയ്ക്കു പോയത്. എന്നാൽ അവിടെ നിന്നും തിരിച്ചെത്തിയപ്പോൾ പെൺകുട്ടി ആകെ മാറിയതായി പിതാവിനു മനസ്സിലായി. മകളുടെ പ്രവൃത്തികളിൽ സംശയം തോന്നിയ പിതാവു പെൺകുട്ടിയുടെ കംപ്യൂട്ടർ പരിശോധിച്ചു. ഐഎസിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നവരുമായി മകൾ ബന്ധപ്പെട്ടിട്ടുണ്ടെന്നും സിറിയയിലേക്കു പോകാൻ തീരുമാനിച്ചതായും പിതാവ് മനസ്സിലാക്കി. അദ്ദേഹം ഉടൻ തന്നെ ഇക്കാര്യം ദേശീയ അന്വേഷണ ഏജൻസിയെ (എൻഐഎ) അറിയിക്കുകയായിരുന്നു.

മതം മാറിയതിനു ശേഷം ഓസ്ട്രേലിയയിൽ നിന്നും സിറിയയിലേക്കു പോകാനാണു പെൺകുട്ടി പദ്ധതിയിട്ടിരുന്നത്. ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർ പെൺകുട്ടിയുമായി സംസാരിച്ചതായും റിപ്പോർട്ടുകളുണ്ട്.

ഓൺലൈൻ റിക്രൂട്ട്മെന്റ് വഴി യുവാക്കൾ ഐഎസിലേക്കു ചേരുന്നതായി ഇന്ത്യയ്ക്കു നേരത്തെ തന്നെ വിവരം ലഭിച്ചിട്ടുണ്ട്. ഈ പ്രശ്നം നേരിടുന്ന മറ്റൊരു പ്രധാന രാജ്യമാണ് ഓസ്ട്രേലിയ. രാജ്യത്തിന്റെ മൊത്തം ജനസംഖ്യയിൽ 2.2 ശതമാനം മുസ്‍ലിംകളാണ്. ഐഎസിൽ ചേരാനായി നിരവധി പേർ രാജ്യം വിട്ട് സിറിയയിലേക്ക് ഇപ്പോഴും പോകുന്നുണ്ട്.

© 2024 Live Kerala News. All Rights Reserved.