പിന്നണി ഗായിക രാധികാ തിലക് അന്തരിച്ചു

പ്രശസ്ത പിന്നണി ഗായിക രാധികാ തിലക് അന്തരിച്ചു. 45 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. കഴിഞ്ഞ കുറച്ചു നാളുകളായി അര്‍ബുദ രോഗത്തെ തുടര്‍ന്ന് രാധിക ചികിത്സയിലായിരുന്നു.

എഴുപതോളം സിനിമകളില്‍ പാടിയിട്ടുള്ള രാധിക രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് കാലങ്ങളായി സിനിമകളില്‍നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. മോഹന്‍ലാല്‍ ചിത്രം ഗുരുവിലെ ദേവസംഗീതം നീയല്ലേ, സുരേഷ് ഗോപി ചിത്രം സുന്ദരപുരുഷനിലെ തങ്കമനസ്സിന്‍ താമരപ്പൂവിലെ, മായാമഞ്ചലില്‍ (ഒറ്റയാള്‍ പട്ടാളം), എന്റെ ഉള്ളില്‍ ഉടുക്കുംകൊട്ടി, നിന്റെ കണ്ണില്‍ വിരുന്നു വന്നു (ദീപസ്തംഭം മഹാശ്ചര്യം), മഞ്ഞക്കിളിയുടെ (കന്മദം) തുടങ്ങി നിരവധി ഹിറ്റുഗാനങ്ങള്‍ രാധിക ആലപിച്ചിട്ടുണ്ട്.

ബ്ലസി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം പ്രണയമാണ് രാധിക അവസാനമായി പാടിയ സിനിമ. ഇതിലെ കാറ്റില്‍ ഈ കാറ്റില്‍ എന്ന ഗാനമാണ് രാധിക പാടിയത്.

പറവൂര്‍ സഹോദരിമാര്‍, ഗായിക സുജാത എന്നിവര്‍ രാധികയുടെ ബന്ധുക്കളാണ്. രാധികയുടെ മാതാവ് പ്രശസ്ത കര്‍ണാടിക് സംഗീതജ്ഞയായിരുന്നു. സെന്റ് തെരേസാസ് കോളജിലെ പഠനകാലം മുതല്‍ കലോത്സവങ്ങളിലും മറ്റും രാധിക സജീവമായിരുന്നു. ആകാശവാണിയില്‍ സ്ഥിരമായി രാധിക ലളിതഗാനങ്ങള്‍ പാടിയിരുന്നു.

© 2024 Live Kerala News. All Rights Reserved.