റഷ്യയിൽ സ്റ്റാലിന്റെ തടവറയിലാണ് നേതാജി കൊല്ലപ്പെട്ടതെന്ന വാദം ശക്തമാകുന്നു

ന്യൂഡൽഹി ∙ നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനാപകടത്തിലല്ല മരിച്ചതെന്നും സോവിയറ്റ് തടവറയിലായിരുന്നു അന്ത്യമെന്നുമുള്ള അഭ്യൂഹങ്ങൾ കൂടുതൽ ശക്തമാകുന്നു. 1945ലെ വിമാനാപകടത്തിൽ നേതാജി മരിച്ചുവെന്നത് സ്ഥിരീകരിക്കുന്ന രേഖകൾ ബംഗാൾ സർക്കാർ പുറത്തുവിട്ടതിൽ ഇല്ലാത്തതാണ് ഇത് കൂടുതൽ ശക്തമാകാൻ കാരണം. 1964വരെ നേതാജി ജീവിച്ചിരുന്നുവെന്നാണ് പുറത്തു വന്ന ഫയലുകളില്‍ നിന്നും വ്യക്തമാകുന്നത്. മാത്രമല്ല കൊല്‍ക്കത്തയില്‍ നിന്ന് സിഖ് വേഷത്തില്‍ റഷ്യയിലേക്ക് കടന്ന നേതാജി അവിടെ 1964വരെ ജീവിച്ചിരുന്നതായും പുറത്തു വിട്ട രേഖകളിൽ സൂചനയുണ്ട്.

നേതാജി സുഭാഷ് ചന്ദ്രബോസ് റഷ്യയിലേക്കു കടന്നിട്ടുണ്ടെന്നു കാണിച്ചു ജവാഹർലാൽ നെഹ്‌റു ബ്രിട്ടിഷ് പ്രധാനമന്ത്രിയായിരുന്ന ക്ലെമന്റ് ആറ്റ്‌ലിക്ക് എഴുതിയതെന്നു കരുതുന്ന കത്ത് ഇടയ്ക്ക് ചർച്ചാ വിഷയമായിരുന്നു. ഇതാണു കത്തിലെ വാചകങ്ങൾ: ‘നിങ്ങളുടെ യുദ്ധക്കുറ്റവാളിയായ സുഭാഷ് ചന്ദ്രബോസിനെ റഷ്യയിലേക്കു കടക്കാൻ സ്‌റ്റാലിൻ അനുവദിച്ചിട്ടുണ്ടെന്നു ഞാൻ മനസ്സിലാക്കുന്നു. ബ്രിട്ടന്റെ സഖ്യരാജ്യം എന്ന നിലയിൽ ഇതു റഷ്യ ചെയ്‌ത വിശ്വാസവഞ്ചനയാണ്.’ റഷ്യയിലെ സൈബീരിയയിലെ യാകുത്സ്ക് ജയിലിലെ 45–ാം തടവറയിലാണു സുഭാഷ് ചന്ദ്രബോസ് കഴിഞ്ഞതെന്നും പിന്നീടു പറഞ്ഞുകേട്ടിരുന്നു.

നേതാജി സുഭാഷ് ചന്ദ്രബോസിനെ സോവിയറ്റ് പ്രസിഡന്റായിരുന്ന ജോസഫ് സ്‌റ്റാലിന്റെ നിർദേശപ്രകാരം 1953ൽ സൈബീരിയയിലെ തടവറയിൽ കൊലപ്പെടുത്തുകയായിരുന്നുവെന്ന ആരോപണവുമായി ബിജെപി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമിയും അടുത്തിടെ രംഗത്തെത്തിയിരുന്നു. 1945ൽ വിമാനാപകടത്തിലാണു നേതാജി കൊല്ലപ്പെട്ടതെന്ന വാദം അസംബന്ധമാണ്. ബ്രിട്ടിഷുകാരാൽ വേട്ടയാടപ്പെട്ട നേതാജി വിമാനാപകടത്തിൽ മരിച്ചുവെന്ന വ്യാജകഥ പ്രചരിപ്പിച്ച്, ചൈനയിലെ മഞ്ചൂരിയയിലേക്കു രക്ഷപ്പെട്ടു. റഷ്യൻ അധീനതയിലായിരുന്നു അന്ന് ഈ പ്രദേശം. സോവിയറ്റ് യൂണിയൻ തന്നെ രക്ഷിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതീക്ഷ. എന്നാൽ, സ്‌റ്റാലിൻ അദ്ദേഹത്തെ സൈബീരിയയിലെ ജയിലിലടച്ചു. 1953ൽ തടവറയിൽ അദ്ദേഹത്തെ തൂക്കിലേറ്റുകയോ ശ്വാസംമുട്ടിച്ചു കൊല്ലുകയോ ആയിരുന്നുവെന്നും സ്വാമി വ്യക്തമാക്കിയിരുന്നു.

നേതാജി വിമാന അപകടത്തിൽ മരിച്ചുവോ എന്ന സംശയം ആദ്യമായി പ്രകടിപ്പിച്ചത് അന്ന് ഇന്ത്യയിലെ വൈസ്രോയി ആയിരുന്ന അർച്ചിബാൾഡ് വേവൽ ആയിരുന്നു: ‘ഇക്കാര്യത്തിൽ എനിക്കു വലിയ സംശയമുണ്ട്, ഒളിവിൽ കഴിയാനായി ചെയ്തതല്ലേ എന്നും തോന്നുന്നു’– എന്നാണു വേവൽ അന്നു ലണ്ടനിലേക്ക് എഴുതിയത്. നേതാജി വിമാനാപകടത്തിൽ കൊല്ലപ്പെട്ടതായി കണക്കാക്കുന്നു എന്നു നെഹ്റു പറഞ്ഞപ്പോൾ യുഎസ് പത്രലേഖകനായ ദ് ഷിക്കാഗോ ട്രൈബ്യൂണിന്റെ ആൽഫ്രഡ് വാഗാണ് അതിനെ ആദ്യം ഖണ്ഡിച്ചത്. സെയ്ഗോണിൽ താൻ ബോസിനെ നേരിട്ടുകണ്ടു എന്നാണു വാഗ് പറഞ്ഞത്.