സിസ്റ്റർ അമല വധക്കേസ്: കൃത്യമായ സൂചനകൾ ലഭിച്ചെന്നു എഡിജിപി

കോട്ടയം∙ പാലാ ലിസ്യു മഠത്തിൽ സിസ്റ്റർ അമല കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നത് ശരിയായ ദിശയിലെന്നു എഡിജിപി: കെ.പത്മകുമാര്‍. മഠത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ളവരാണ് കൊലപാതകത്തിന് പിന്നിൽ. കൃത്യമായ ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും എഡിജിപി പറഞ്ഞു.

സംഭവത്തിൽ പൊലീസിന്റെ അന്വേഷണം മൂന്നു പേരിലേക്കാണ് നീളുന്നത്. സമാന രീതിയിൽ ആക്രമണം നടത്തിയ കേസുകളിൽ പ്രതികളായ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിട്ടുള്ള മൂന്നു പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇവരിൽ ഒരാളെ കന്യാസ്ത്രീ കൊല്ലപ്പെട്ട രാത്രിയിൽ സംശയാസ്പദ സാഹചര്യത്തിൽ പാലാ നഗരത്തിൽ കണ്ടതായും സൂചന ലഭിച്ചിട്ടുണ്ട്.

പാലായിലും പരിസരത്തും താമസിക്കുന്നവരാണ് ഇവരെങ്കിലും മൂന്നുപേരും ഇപ്പോൾ പാലാ മേഖലയിൽ ഇല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവ ദിവസം മഠത്തിന്റെ താഴത്തെ നിലയിലെ ഗ്രില്ലിന്റെ പൂട്ട് ര​ണ്ടുതവണ തകർത്തതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കോട്ടയം ജില്ലാ പൊലീസ് മേധാവി എസ്. സതീഷ് ബിനോയുടെ മേൽനോട്ടത്തിൽ മൂന്നു സംഘങ്ങൾ ഈ മൂന്നു പേരെ തേടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു തിരിച്ചിട്ടുണ്ട്.

ലിസ്യു മഠത്തിലെ 74 വയസ്സുള്ള ഒരു കന്യാസ്ത്രീക്ക് ഒരാഴ്ച മുൻപ് തലയ്ക്കു പരുക്കേറ്റിരുന്നു. ആശുപത്രിയിൽ ചികിൽസ തേടിയ ഈ സിസ്റ്റർ രണ്ടു ദിവസം മുൻപാണ് മഠത്തിൽ തിരിച്ചെത്തിയത്.

© 2024 Live Kerala News. All Rights Reserved.