ന്യൂഡല്‍ഹി:   ഡ്രൈവര്‍ക്ക് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ലോഫ്‌ളോര്‍ ബസ് നിയന്ത്രണം വിട്ട് അപകടത്തില്‍ പെട്ട് മരണം മൂന്നായി. ബസ് ഓടിച്ചിരുന്ന ഡ്രൈവറെ അപകടത്തിന് പിന്നാലെ ഡ്രൈവറും മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നരയോടെ ചാന്ദ്‌നിചൗക്കിലെ എച്ച്.സി. മാര്‍ഗിലാണ് അപകടം നടന്നത്.

ഓള്‍ഡ് റെയില്‍വേസ്‌റ്റേഷന്‍-അംബേദ്കര്‍ നഗര്‍ റൂട്ടില്‍ ക്ലസ്റ്റര്‍ സര്‍വീസ് നടത്തുന്ന 419 നമ്പര്‍ ബസ് നിയന്ത്രണം വിട്ട് മുന്നിലുള്ള ട്രക്കിലിടിക്കുകയായിരുന്നു. ഹൃദയാഘാതമുണ്ടായപ്പോള്‍ ഡ്രൈവര്‍ വെപ്രാളത്തില്‍ ബസ്സിന്റെ ആക്‌സിലേറ്ററില്‍ കാലമര്‍ത്തി. ആദ്യം ടെമ്പോയിലിടിച്ച ബസ് ഓട്ടോറിക്ഷയിലുമിടിച്ച ശേഷമാണ് നിന്നത്. ടെമ്പോയില്‍ നിന്ന് ചരക്ക് ഇറക്കുകയായിരുന്ന കേശവ് പ്രസാദും സ്ട്രീറ്റിലെ വെന്‍ഡറായ സൂരജുമാണ് മരിച്ചത്.

ഓട്ടോയ്ക്കും ബസ്സിനുമിടയില്‍ പെട്ടാണ് സൂരജ് മരണമടഞ്ഞത്. ആറ് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ ഡ്രൈവറെ കൈയേറ്റം ചെയ്യാന്‍ ഓടിയടുത്തപ്പോള്‍ അദ്ദേഹം സീറ്റില്‍ കുഴഞ്ഞുവീണ് മരിച്ചനിലയിലായിരുന്നു. ദൃക്‌സാക്ഷികളായ പ്രദേശവാസികള്‍ അക്രമാസക്തരായി. പ്രതിഷേധക്കാര്‍ ബസ് അടിച്ചു തകര്‍ത്തു. പോലീസെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി.