രക്ഷപ്പെട്ട കള്ളനോട്ട് കേസ് പ്രതി പിടിയിൽ; പൊലീസ് മെനഞ്ഞ കഥ പൊളിഞ്ഞു

തൃശൂർ ∙ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട കള്ളനോട്ട് കേസിലെ പ്രതി അബ്ദുൽ റഷീദിനെ പിടികൂടി. തൃശൂരിലെ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നാണ് റഷീദിനെ പൊലീസ് പിടികൂടിയത്. കോഴിക്കോട് റയിൽവേസ്റ്റേഷനിൽ പ്രതിയെ ഒറ്റയ്ക്കു നിർത്തി പൊലീസുകാരൻ ടിക്കറ്റ് എടുക്കാൻ പോയപ്പോഴാണ് ഇയാൾ ഓടി രക്ഷപ്പെട്ടത്.

അബ്ദുൽ റഷീദ് രക്ഷപ്പെട്ടതുമായി ബന്ധപ്പെട്ടു പൊലീസ് മെനഞ്ഞ കഥ ഇന്നു പൊളിഞ്ഞിരുന്നു. എആർ ക്യാംപിലെ രണ്ടു പൊലീസുകാർ റഷീദിനൊപ്പം ഉണ്ടായിരുന്നെന്നും ഒരാൾ ടിക്കറ്റ് എടുക്കുമ്പോൾ മറ്റേ ആളെ തള്ളിമാറ്റി പ്രതി ഓടി രക്ഷപ്പെട്ടെന്നുമാണ് ഇന്നലെ പൊലീസ് പറഞ്ഞത്. എന്നാൽ, ഒരു പൊലീസുകാരൻ മാത്രമാണ് ഇന്നലെ പ്രതിക്കൊപ്പം ഉണ്ടായിരുന്നതെന്ന് ജയിലിലെയും റയിൽവേ സ്റ്റേഷനിലെയും സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളിൽ നിന്നു വ്യക്തമായി. രണ്ടാമത്തെ പൊലീസുകാരൻ യാത്രാ മധ്യേ ഇവർക്കൊപ്പം ചേരാമെന്ന് അറിയിച്ചതായാണ് വിവരം. ആലപ്പുഴയിലെ വീട്ടില്‍നിന്ന് പൊലീസുകാരന് കോഴിക്കോട്ടെത്താനുള്ള സാവകാശത്തിനായിരുന്നു ഈ ഒളിച്ചുകളി.

സംഭവത്തിൽ സിറ്റി പൊലീസ് കമ്മിഷണര്‍ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിക്ക് ഒപ്പം ഡ്യൂട്ടി നൽകിയിരുന്ന അനിൽ ജോസ്, കുഞ്ഞുമോൻ എന്നീ പൊലീസുകാരെ ശിക്ഷാ നടപടിയുടെ ഭാഗമായി കാസർകോട് ക്യാംപിലേക്കു സ്ഥലം മാറ്റി.

© 2024 Live Kerala News. All Rights Reserved.