#Exclusive_Report: ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് റിയാസിനെതിരെ ഭാര്യയുടെ ഗാര്‍ഹിക പീഡന പരാതി. പരാതിയുടെ പൂര്‍ണ്ണ രൂപം ലൈവ് കേരള ന്യൂസിന്

 

പ്രത്യേക ലേഖകന്‍

കോഴിക്കോട്: ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗവും പ്രമുഖ സിപിഎം നേതാവും ആയ അഡ്വ പിഎ മുഹമ്മദ് റിയാസിനെതിരെ ഭാര്യ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കി. മുഹമ്മദ് റിയാസിന്റെ ഭാര്യ ഡോക്ടര്‍ സമീഹ സെയ്തലവിയാണ് പരാതി നല്‍കിയത്. കഴിഞ്ഞ 11 വര്‍ഷത്തോളം താന്‍ ശാരീരികവും മാനസികവും ആയി കടുത്ത പീഡനങ്ങളാണ് അനുഭവിയ്ക്കുന്നതെന്നാണ് പരാതിയിലുള്ളത്. 2009 ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ കോഴിക്കോട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായിരുന്നു മുഹമ്മദ് റിയാസ്. അത് സംബന്ധിച്ച് ഏറെ ആരോപണങ്ങളും റിയാസിനെതിരെ ഉയര്‍ന്നിരുന്നു.സമീഹ സെയ്തലവി പട്ടാമ്പി സ്വദേശിയാണ്. കോഴിക്കോട് ചീഫ് മജിസ്‌ട്രേറ്റ് കോടതി(നാല്)യിലാണ് പരാതി നല്‍കിയിട്ടുള്ളത്. പരാതി കോടതി ഫയലില്‍ സ്വീകരിച്ചു. പരാതിയില്‍ മുഹമ്മദ് റിയാസിന് നോട്ടീസ് അയക്കാന്‍ കോടതി ഉത്തരവിട്ടു. മക്കളെ തന്നില്‍ നിന്ന് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി പരാതിയില്‍ പറയുന്നു. ആവശ്യെമെങ്കില്‍ പോലീസ് സംരക്ഷണം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു.

പരാതിയുടെ വിശദാംശങ്ങള്‍ ഇങ്ങനെ..

പലപ്പോഴും തനിക്ക് റിയാസില്‍ നിന്ന് കൊടിയ മര്‍ദ്ദനമാണ് ഏല്‍ക്കേണ്ടി വന്നത്. മര്‍ദ്ദനത്തില്‍ മൂത്രതടസ്സവും മറ്റ് ശാരീരിക അസ്വാസ്ഥ്യങ്ങളും ഉണ്ടായി. അതിഭീകരമായ മാനസിക പീഡങ്ങള്‍ കഴിഞ്ഞ 11 വര്‍ഷങ്ങളില്‍ അനുഭവിച്ചു. പണം കൊടുത്താല്‍ എന്തിനും നിന്നേക്കാള്‍ നല്ല പെണ്ണിനെ കിട്ടുമെന്ന് നിരന്തരം പറഞ്ഞ് മാനസികമായി ദ്രോഹിച്ചു. വിവാഹത്തിന് സ്ത്രീധനം ലഭിച്ച 70 പവന്‍ സ്വര്‍ണ്ണം റിയാസ് തട്ടിയെടുത്തു. പീഡനത്തെതുടര്‍ന്ന് പലപ്പോഴും അത്മഹത്യയക്ക് വരെ ശ്രമിച്ചു. ഡോക്ടറാണെങ്കിലും തന്നെ ഇതുവരെ പ്രാക്ടീസ് ചെയ്യാന്‍ അനുവദിച്ചിട്ടില്ല. തന്റെ ശരീര ഘടനയെക്കുറിച്ച് പറഞ്ഞ് നിരന്തരം പരിഹസിക്കല്‍ പതിവാണ്. ഇക്കാലമത്രേയുമായിട്ടും റേഷന്‍ കാര്‍ഡില്‍ പോലും തന്റേയോ ഭാര്യയുടേയോ പേരുവിവരങ്ങള്‍ ചേര്‍ത്തിട്ടില്ല. സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ടെലിഫോണില്‍ പോലും ബന്ധപ്പെടുന്നത് റിയാസ് വിലക്കിയിരുന്നു. വീട്ടില്‍ വരുന്ന ആളുകളോട് പോലും സംസാരിക്കുന്നതില്‍ തനിക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. നിരവധി തവണ മറ്റ് പുരുഷന്‍മാരുടെ പേരുമായി തന്നെ കൂട്ടിക്കെട്ടിയിട്ടുണ്ട്.

എസ്.എഫ്.ഐയില്‍ പ്രവര്‍ത്തിക്കുന്ന കാലഘട്ടത്തിലാണ് ഇരുവരും പരിചയപ്പെടുന്നത്. അന്ന് റിയാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും, സമീഹ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. 2002 മെയ് 27 നായിരുന്നു മുസ്ലീം മതാചാര പ്രകാരം ഇരുവരുടേയും വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് 2 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പീഡനങ്ങള്‍ ആരംഭിച്ചത്.

© 2024 Live Kerala News. All Rights Reserved.