എസ്.എന്‍.ഡി.പി., കെ.പി.എം.എസ്., എന്‍.എസ്.എസ്. തുടങ്ങിയ സമുദായസംഘടനകളുമായി പ്രാദേശികതലത്തില്‍ സഹകരിക്കാനും അവരുടെയിടയില്‍ സ്വാധീനമുള്ളവരെ സ്ഥാനാര്‍ഥിയാക്കാനും ആലോചനയുണ്ട്. …

കോഴിക്കോട്: നവംബറില്‍ നടക്കുന്ന തദ്ദേശഭരണതിരഞ്ഞെടുപ്പില്‍ മുസ്‌ലിം സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ ബി.ജെ.പി. ഒരുങ്ങുന്നു. മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുസ്‌ലിം വിഭാഗത്തില്‍നിന്ന് സ്ഥാനാര്‍ഥികളെ നിര്‍ത്തി പരീക്ഷിക്കുക. ന്യൂനപക്ഷങ്ങള്‍ക്ക് നിര്‍ണായകസ്വാധീനമുള്ള വാര്‍ഡുകളിലേക്കാണ് മുസ്‌ലിം സ്ഥാനാര്‍ഥികളെ കണ്ടെത്താനാലോചിക്കുന്നത്. മുസ്‌ലിം വിഭാഗത്തില്‍നിന്ന് ചില വാര്‍ഡുകളിലേക്കെങ്കിലും സ്ഥാനാര്‍ഥികളെ കണ്ടെത്തണമെന്ന് അഞ്ച് ജില്ലാ കമ്മിറ്റികള്‍ക്ക് സംസ്ഥാനനേതൃത്വം നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എ.ഇ. സന്ദര്‍ശനം, ഹജ്ജ് നടത്തിപ്പില്‍ ഇത്തവണയുണ്ടായ സുതാര്യത തുടങ്ങിയ വിഷയങ്ങളുയര്‍ത്തിക്കാട്ടി ബി.ജെ.പി. ന്യൂനപക്ഷവിഭാഗങ്ങള്‍ക്കിടയില്‍ കാന്പയില്‍ നടത്തിയിരുന്നു. ഇതില്‍നിന്നു ലഭിച്ച അനുകൂലപ്രതികരണം കണ്ടുകൊണ്ടാണ് ഈ നീക്കം. എസ്.എന്‍.ഡി.പി., കെ.പി.എം.എസ്., എന്‍.എസ്.എസ്. തുടങ്ങിയ സമുദായസംഘടനകളുമായി പ്രാദേശികതലത്തില്‍ സഹകരിക്കാനും അവരുടെയിടയില്‍ സ്വാധീനമുള്ളവരെ പരിഗണിക്കാവുന്നിടത്ത് സ്ഥാനാര്‍ഥിയാക്കാനും ആലോചനയുണ്ട്.  തദ്ദേശതിരഞ്ഞെടുപ്പില്‍ മികച്ച നേട്ടം ഉറപ്പുവരുത്തുന്നതിനായി കഴിഞ്ഞദിവസം സംഘപരിവാറിന്റെ എല്ലാ ഘടകസംഘടനകളും ബി.ജെ.പി. നേതാക്കളും സംയുക്തയോഗം ചേര്‍ന്നിരുന്നു. ഇതിെന്റ ഭാഗമായി ആര്‍.എസ്.എസ്സും സംഘപരിവാര്‍ സംഘടനകളും നേരിട്ട് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥികളുടെ വിജയത്തിനായി രംഗത്തിറങ്ങണമെന്ന് തീരുമാനമായി. തദ്ദേശതിരഞ്ഞെടുപ്പില്‍ പരമാവധി വോട്ടുകള്‍ നേടി അടുത്തവര്‍ഷം നടക്കുന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ സഭയില്‍ ഇരിപ്പിടം കണ്ടെത്തുകയെന്നതാണ് ബി.ജെ.പി. ലക്ഷ്യമിടുന്നത്.

Courtesy: Mathrubhumi