#SNDP_VS_CPIM: എസ്എൻഡിപി അംഗങ്ങളെ ഒപ്പം നിർത്തണമെന്നു കീഴ്ഘടകങ്ങളോടു സിപിഎം

കണ്ണൂർ: എസ്എൻഡിപിയെ പിണക്കുന്നതു തദ്ദേശതിരഞ്ഞെടുപ്പിൽ ദോഷം ചെയ്യുമെന്നു സിപിഎം. സംസ്ഥാന നേതൃത്വവുമായി ഭിന്നത തുടരുമ്പോഴും എസ്എൻഡിപിയുടെ പ്രാദേശിക നേതാക്കളെ ഒപ്പം നിർത്താനുള്ള പ്രവർത്തനങ്ങൾ നടത്താൻ സിപിഎം കീഴ്ഘടകങ്ങൾക്കു നിർദേശം നൽകി. തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നിലപാടുകൾ വിശദീകരിക്കാൻ ചേർന്ന മേഖലാ പ്രവർത്തക യോഗത്തിലാണു നിർദേശം.

ഏരിയാ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ, ബ്രാഞ്ച് സെക്രട്ടറിമാർ, വാർഡ് കൺവീനർമാർ, ബൂത്ത് സെക്രട്ടറിമാർ എന്നിവരെ പങ്കെടുപ്പിച്ചു ജില്ലയിലെ നാലു മേഖലകളിലായി നടത്തിയ യോഗത്തിൽ പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനാണു തദ്ദേശ തിരഞ്ഞെടുപ്പ് സംബന്ധിച്ച പാർട്ടി തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്തത്. എസ്എൻഡിപി, ആർഎസ്എസുമായി അടുക്കുന്ന പശ്ചാത്തലത്തിലാണു നേതൃത്വവുമായി ഭിന്നതയും അണികളുമായി അടുപ്പവുമെന്ന സിപിഎമ്മിന്റെ രാഷ്ട്രീയ നീക്കം.

സാമുദായിക സംഘടനകളുമായി നേരിട്ട് ഐക്യമുണ്ടാക്കാൻ പാർട്ടിക്കാവില്ലെന്നും പലപ്പോഴും ഇവയെ എതിർക്കേണ്ടിവരുമെന്നും സിപിഎം വ്യക്തമാക്കുന്നു. എന്നാൽ തിരഞ്ഞെടുപ്പിൽ ഇതു ദോഷകരമായി ബാധിക്കാതിരിക്കാനുള്ള പ്രവർത്തനങ്ങൾ നടത്താനാണു കീഴ്ഘടകങ്ങൾക്കുള്ള നിർദേശം. ഇടതുപക്ഷ ആഭിമുഖ്യം പുലർത്തുന്നവർ കൂടുതലുള്ള സാമുദായിക സംഘടന എസ്എൻഡിപിയാണ്. എസ്എൻഡിപി സംസ്ഥാന നേതൃത്വവും പാർട്ടിയും തമ്മിലുള്ള എതിർപ്പ് തിരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇതിനായി സാമുദായിക സംഘടനകളുടെ പ്രാദേശിക നേതാക്കളും പ്രവർത്തകരുമായി ബന്ധം സ്ഥാപിക്കണമെന്നും പ്രവർത്തകരോടു സിപിഎം ആവശ്യപ് പെടുന്നു.

എസ്എൻഡിപിയുടെ സംസ്ഥാന നേതൃത്വം സ്വീകരിക്കുന്ന നിലപാടുകൾ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് ആലപ്പുഴ ലോക്സഭാ തിരഞ്ഞെടുപ്പിലെ ഉദാഹരണം കാട്ടിയാണു പാർട്ടി വിശദീകരിക്കുന്നത്. ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ എസ്എൻഡിപി സംസ്ഥാന നേതൃത്വം കോൺഗ്രസിനെ പരസ്യമായി എതിർത്തിട്ടും കോൺഗ്രസ് സ്ഥാനാർഥിയാണു വിജയിച്ചത്. എസ്എൻഡിപി നേതൃത്വത്തിന്റെ നിലപാടനുസരിച്ചല്ല സമുദായാംഗങ്ങൾ വോട്ട് ചെയ്യുന്നതെന്ന് ഇത് വ്യക്തമാക്കുന്നു. ഇതുകൊണ്ടുതന്നെ എസ്എൻഡിപി നേതൃത്വത്തിന്റെ എതിർപ്പു മറികടക്കാൻ സംഘ‍ടനാംഗങ്ങളുടെ പിന്തുണ ഉറപ്പാക്കുന്നതിലൂടെ സാധിക്കുമെന്നും സിപിഎം പറയുന്നു. ഇതിനായി എസ്എൻഡിപി ശാഖകളുമായി നിരന്തര ബന്ധം സ്ഥാപിക്കണമെന്നാണു നിർദേശം.

എസ്എൻഡിപിയെ ആർഎസ്എസുമായി അടുപ്പിക്കാനുള്ള ശ്രമങ്ങൾക്കെതിരെ എസ്എൻഡിപി അംഗങ്ങൾക്കിടയിൽ ആശയപ്രചാരണം നടത്തണമെന്നും നിർദേശമുണ്ട്. ആർഎസ്എസിന്റെ നയങ്ങളും ശ്രീനാരായണ ദർശനങ്ങളും തമ്മിലുള്ള ഭിന്നത തുറന്നുകാണിക്കുന്ന പരിപാടികൾ സംഘടിപ്പിക്കണം. 26 മുതൽ വാർഡ് തലത്തിൽ നടക്കുന്ന മതനിരപേക്ഷ സംഗമങ്ങൾ ഈ ലക്ഷ്യം വച്ചാണെന്നും സിപിഎം നേതൃത്വം വ്യക്തമാക്കുന്നു.

© 2024 Live Kerala News. All Rights Reserved.