#ModiInVaranasi: മോദി ഇന്ന് വാരാണസിയില്‍

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സ്വന്തം മണ്ഡലമായ വാരാണസിയിലെത്തും. ബനാറസ് ഹിന്ദുയൂണിവേഴ്‌സിറ്റി കാമ്പസിലെ മെഡിക്കല്‍ കോളേജില്‍ ആരംഭിക്കുന്ന ട്രോമ സെന്ററിന്റെ ഉദ്ഘാടനവും പൊതുസമ്മേളനവുമാണ് പ്രധാനമന്ത്രിയുടെ മണ്ഡലത്തിലെ പരിപാടികള്‍. ഇതിന് പുറമേ 101 ഇ-റിക്ഷകളും 510 സൈക്കിള്‍ റിക്ഷകളും മോദി വിതരണം ചെയ്യും. സമീപ ഗ്രാമങ്ങളില്‍ വരെ 24മണിക്കൂറും വൈദ്യുതി ലഭ്യമാക്കുന്ന 46,000 കോടി രൂപയുടെ വൈദ്യുതപദ്ധതികളും പ്രധാനമന്ത്രി വാരാണസിയില്‍ ഉദ്ഘാടനം ചെയ്യും. റിക്ഷത്തൊഴിലാളികളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ചയും നടത്തുന്നുണ്ട്. അമേരിക്കന്‍ ഇന്ത്യ ഫൗണ്ടേഷനാണ് എല്ലാവര്‍ക്കും സ്വന്തമായി റിക്ഷകള്‍ നല്‍കുന്നത്. റിക്ഷാക്കാരുടെ ജീവിതം മാറ്റിമറിക്കാന്‍ ലക്ഷ്യമിട്ടുള്ള സേവനങ്ങളാണ് നല്‍കുന്നത്. സ്വന്തമായി തിരിച്ചറിയല്‍ കാര്‍ഡ്, ഡ്രൈവര്‍ക്ക് ലൈസന്‍സ്, യൂണിഫോം, ബാങ്ക് അക്കൗണ്ട് എന്നിവ റിക്ഷക്കാര്‍ക്ക് നല്‍കും. വാരണാസിയുടെ മുഖച്ഛായ മാറ്റുന്ന തീരുമാനമാണിത്. ശുചിത്വകാശിയെന്ന പദ്ധതിയുമായി ബിജെപി പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയുടെ ജന്മദിനമായ ഇന്നലെ വാരാണസി നഗരം മുഴുവനും ശുചീകരിച്ചിരുന്നു. ഗംഗാനദിയുടെ തീരം മുഴുവനും നേരത്തെ തന്നെ ശുചീകരിച്ച് സ്‌നാന ഘട്ടങ്ങള്‍ മനോഹരമാക്കിത്തീര്‍ക്കുകയും ചെയ്തിരുന്നു. നഗരത്തിലെ തൊഴിലാളികള്‍ക്ക് ടൂത്ത് പേസ്റ്റ്, ബ്രഷ്,സോപ്പ്, ഷാംപൂ തുടങ്ങിയ സാധനങ്ങളും ബിജെപി പ്രവര്‍ത്തകര്‍ വിതരണം ചെയ്തു.

© 2024 Live Kerala News. All Rights Reserved.