മൂന്നാം മുന്നണിയുമായി എസ്പിയും എൻസിപിയും; ബിഹാർ തിരഞ്ഞെടുപ്പിന് വീര്യമേറും

ലക്നൗ: വാശിയേറിയ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് കളമൊരുങ്ങുന്ന ബിഹാറിൽ മൂന്നാം മുന്നണി രൂപീകരിച്ച് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് സമാജ്‌വാദി പാർട്ടി. എസ്ജെഡി-ഡി, എൻസിപി, നാഷണൽ പീപ്പിള്‍സ് പാർട്ടി (എൻപിപി) എന്നിവർക്കൊപ്പം ചേർന്നായിരിക്കും സമാജ്‌വാദി പാർട്ടി മൂന്നാം മുന്നണി രൂപീകരിക്കുക.

ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയ്ക്കും ജനതാപാർട്ടികളും കോൺഗ്രസും ചേർന്നുള്ള മഹാസഖ്യത്തിനുമൊപ്പം മൂന്നാം മുന്നണിയുമായി സമാജ്‌വാദി പാർട്ടിയുമെത്തുന്നതോടെ ദേശീയ രാഷ്ട്രീയം കാത്തിരിക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ പോരാട്ടവീര്യമേറുമെന്നുറപ്പായി. ഒക്ടോബർ, നവംബർ മാസങ്ങളിൽ അഞ്ചു ഘട്ടങ്ങളായാണ് ബിഹാർ തിരഞ്ഞെടുപ്പ് നടക്കുന്നത്.

മുൻ കേന്ദ്രമന്ത്രിയായ ദേവേന്ദ്ര പ്രസാദ് യാദവ് നേതൃത്വം നൽകുന്ന എസ്ജെഡി-ഡി, മുൻ ലോക്സഭാ സ്പീക്കർ പി.എ. സാങ്മ നേതൃത്വം നൽകുന്ന എൻപിപി, എൻസിപി എന്നിവർക്കൊപ്പം മൂന്നാം മുന്നണിയായി മൽസരിക്കുന്ന വിവരം ഇവർക്കൊപ്പമുള്ള സംയുക്ത വാർത്താ സമ്മേളനത്തിൽ സമാജ്‌വാദി പാർട്ടി ദേശീയ ജനറൽ സെക്രട്ടറി റാം ഗോപാൽ യാദവാണ് അറിയിച്ചത്.

ഒക്ടോബർ 12ന് നടക്കുന്ന ആദ്യപാദ തിരഞ്ഞെടുപ്പിനുള്ള മൂന്നാം മുന്നണിയുടെ സ്ഥാനാർഥികളെ നാളെ നടക്കുന്ന കോർഡിനേഷൻ കമ്മിറ്റിയുടെ യോഗത്തിൽ തിരഞ്ഞെടുക്കുമെന്നും നേതാക്കൾ അറിയിച്ചു. 49 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്നാം മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയേക്കുറിച്ചുള്ള ചോദ്യത്തിന് അത് ചർച്ച ചെയ്തു തീരുമാനിക്കുമെന്നായിരുന്നു യാദവിന്റെ മറുപടി.

നേരത്തെ, ബിജെപിക്കെതിരെ ബിഹാറിൽ രൂപംകൊണ്ട മഹാസഖ്യത്തിൽനിന്ന് സീറ്റുവിഭജനവുമായി ബന്ധപ്പെട്ട തർക്കത്തെതുടർന്ന് എൻസിപിയും സമാജ്‌വാദി പാർട്ടിയും (എസ്പി) പിന്മാറിയിരുന്നു. തങ്ങൾക്ക് അഞ്ചു സീറ്റ് മാത്രം നൽകാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് ഒറ്റയ്ക്കു മത്സരിക്കാനായിരുന്നു സമാജ്‌വാദി പാർട്ടിയുടെ തീരുമാനമെങ്കിലും പിന്നീട് മൂന്നാം മുന്നണി രൂപീകരിക്കാൻ തീരുമാനിക്കുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.