ലൈംഗികപീഡനം: സൗദി നയതന്ത്രജ്ഞന്‍ രാജ്യം വിട്ടെന്ന് ഭാരതം സ്ഥിരീകരിച്ചു

ന്യൂദല്‍ഹി: രണ്ട് നേപ്പാള്‍ സ്വദേശിനികളെ ലൈംഗിക അടിമകളാക്കിയ സൗദി നയതന്ത്രജ്ഞന്‍ രാജ്യം വിട്ടെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. നയതന്ത്ര പ്രതിനിധിയായ ഒന്നാം സെക്രട്ടറി മാജിദ് ഹസന്‍ അഷൂര്‍ രാജ്യം വിട്ടതായാണ് വിദേശ കാര്യ വക്താവ് വികാസ് സ്വരൂപ് അറിയിച്ചത്. വിയന്ന കണ്‍വെന്‍ഷനിലെ വ്യവസ്ഥ പ്രകാരം നയതന്ത്രജ്ഞനുള്ള പ്രത്യേക അധികാരം കണക്കിലെടുത്താണ് നാടു വിട്ടതെന്നാണ് ഔദ്യോഗിക വിശദീകരണം. മൂന്നുമാസം ഹരിയാനയിലെ ഗുര്‍ഗോണിലെ ഫ്‌ലാറ്റില്‍ പാര്‍പ്പിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നും കൂട്ടുകാര്‍ക്കുള്‍പ്പെടെ കാഴ്ച വെച്ചെന്നും കാട്ടി കഴിഞ്ഞയാഴ്ചയാണ് നേപ്പാള്‍ സ്വദേശിനികള്‍ പൊലീസില്‍ പരാതി നല്‍കിയത്. നയതന്ത്രജ്ഞന്റെ ഭാര്യയും മകളും നിരന്തരം അവഹേളിച്ചെന്നും ക്രൂരമായി മര്‍ദ്ദിച്ചെന്നും പരാതിയിലുണ്ടായിരുന്നു. എന്നാല്‍ പരാതി കെട്ടിച്ചമച്ചതാണെന്ന ആദ്യ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സൗദി അറേബ്യ. നയതന്ത്ര വ്യവസ്ഥകള്‍ കാറ്റില്‍ പറത്തി വീട്ടില്‍ തിരച്ചില്‍ നടത്തിയെന്നും സൗദി ആരോപിയ്ക്കുന്നു.

© 2024 Live Kerala News. All Rights Reserved.