പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്; സര്‍ക്കാര്‍ ഉത്തരവ് സ്‌റ്റേ ചെയ്തു

കൊച്ചി: പിന്‍സീറ്റില്‍ ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി. ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മെറ്റ് വേണ്ടെന്ന സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് കോടതി സ്റ്റേ ചെയ്തു. 2003ല്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവാണ് സ്റ്റേ ചെയ്തത്. റോഡപകടങ്ങള്‍ വര്‍ധിക്കുന്ന പശ്ചാതലത്തില്‍ സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്.

യുവാക്കളും സ്ത്രീകളും പിന്‍സീറ്റില്‍ യാത്ര ചെയ്തു റോഡില്‍ തെറിച്ചുവീണു ജീവന്‍ പൊലിയാന്‍ ഇടയാകുന്നത് അനുവദിക്കരുതെന്ന് ഹര്‍ജിയില്‍ പറയുന്നു. കേന്ദ്ര മോട്ടോര്‍ വാഹന നിയമം 129ാം വകുപ്പനുസരിച്ച് പിന്‍സീറ്റിലുള്ളവരും ഹെല്‍മെറ്റ് ധരിക്കണമെന്നു വ്യവസ്ഥയുണ്ട്. ഇതിനു വിരുദ്ധമായുള്ള സര്‍ക്കാര്‍ ഉത്തരവ് ഭരണഘടനാ ലംഘനവും മോട്ടോര്‍ വാഹന നിയമത്തിന്റെ ലംഘനവുമാണെന്ന് ആരോപിച്ചാണു ഹര്‍ജി.

ഇരുചക്ര വാഹനയാത്രക്കാര്‍ക്കു ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി ഉത്തരവിറക്കാന്‍ 2003ല്‍ ഹൈക്കോടതി ഫുള്‍ബെഞ്ചിന്റെ വിധിയുണ്ടായിരുന്നു. ഇതിനു വിരുദ്ധമായി പിന്‍സീറ്റുകാര്‍ക്ക് ഇളവ് അനുവദിക്കുന്നതു കോടതിയലക്ഷ്യമാണെന്നും പരാതിയുണ്ട്

© 2024 Live Kerala News. All Rights Reserved.