സ്വകാര്യതയിൽ കേജ്‍രിവാൾ ഇടപെടേണ്ടതില്ല: ആം ആദ്മി പാർട്ടി നേതാവ്

ന്യൂഡല്‍ഹി: ഭാര്യയും താനും തമ്മിലുള്ള പ്രശ്‌നം തന്റെ സ്വകാര്യതയാണെന്നുള്ള പാര്‍ട്ടിയുടെ നിലപാട് തികച്ചും ശരിയാണെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ സോംനാഥ് ഭാരതി എംഎല്‍എ. പാര്‍ട്ടി പറഞ്ഞത് ശരിയാണ്. ഇതെന്റെ സ്വകാര്യ വിഷയമാണ്. എനിക്കും ഭാര്യയ്ക്കുമിടയില്‍ എന്താ നടക്കുന്നതെന്നുള്ളത് പാര്‍ട്ടിക്ക് എങ്ങനെ അറിയാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.

ഞാനിതുവരെ കേജ്രിവാളിനെ കണ്ടില്ല. അദ്ദേഹം മുതിര്‍ന്ന നേതാവും ആദര്‍ശവാനുമായ വ്യക്തിയാണ്. എന്റെ സ്വകാര്യ ജീവിതത്തില്‍ ഞാനെന്തിനാണ് അദ്ദേഹത്തെ കൂടി ഉള്‍പ്പെടുത്തുന്നതെന്നും സോംനാഥ് വ്യക്തമാക്കി.

അതേസമയം, ഭാര്യ ലിപിക മിത്ര നല്‍കിയ ഗാര്‍ഹിക പീഡനക്കേസില്‍ ഡല്‍ഹി മുന്‍ നിയമമന്ത്രി സോംനാഥ് ഭാരതി എംഎല്‍എയ്‌ക്കെതിരെയുള്ള ജാമ്യമില്ലാ വാറന്റ് ഡല്‍ഹി ഹൈക്കോടതി നാളെ വരെ സ്റ്റേ ചെയ്തു. ഭാരതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാളെ ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ കീഴ്‌ക്കോടതി, ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് ഒഴിവാക്കാനാണു ഭാരതി ഹൈക്കോടതിയെ സമീപിച്ചത്.

ഏഴു മാസം ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് നായയെ വിട്ട് തന്നെ കടിപ്പിച്ചെന്നാണ് ഭാരതിക്കെതിരായ പരാതിയില്‍ ലിപികയുടെ ആരോപണം. വാടക നല്‍കണമെന്നു ലിപിക, ഭാരതിയോട് ആവശ്യപ്പെട്ടപ്പോള്‍ ഏഴു മാസം ഗര്‍ഭിണിയാണെന്ന് അറിഞ്ഞിട്ടും മര്‍ദിക്കുകയും നായയെക്കൊണ്ട് കടിപ്പിക്കുകയും ചെയ്തു. നായ വയറിലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും കടിച്ചുവെന്നും പരാതിയില്‍ പറയുന്നു. കഴിഞ്ഞയാഴ്ചയാണ് ഭാരതിക്കെതിരെ പൊലീസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്.

© 2024 Live Kerala News. All Rights Reserved.