ആര്‍.എസ്.എസ് അജണ്ടയുടെ കാവലാളായി എസ്.എന്‍.ഡി.പി യോഗം മാറിയിരിക്കുകയാണെന്ന് വി.എം സുധീരന്‍

കരുനാഗപ്പള്ളി: ആര്‍.എസ്.എസ് അജണ്ടയുടെ കാവലാളായി എസ്.എന്‍.ഡി.പി യോഗം മാറിയിരിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. കൊല്ലം കരുനാഗപ്പള്ളിയില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുമ്പോഴാണ് എസ്.എന്‍.ഡി.പിക്കെതിരെ സുധീരന്‍ ആഞ്ഞടിച്ചത്.

സംഘപരിവാറിന്റെയും എസ്.എന്‍.ഡി.പിയുടേയും ആശയങ്ങള്‍ പുലബന്ധം പോലുമില്ലാത്തതാണ്. ശ്രീനാരായണ ധര്‍മ്മവും സംഘപരിവാര്‍ അജണ്ടയുമായി യോജിച്ച് പോകുകയില്ല. രണ്ടു സംഘടനകളുടെയും ആശയങ്ങള്‍ നേരെ വിരുദ്ധമാണ്. എല്ലാവരേയും സാഹോദര്യത്തോടെ കാണണമെന്നാണ് ഗുരു തത്വം. ഒരു മതം മാത്രം മതിയെന്നാണ് സംഘപരിവാര്‍ പറയുന്നത്. അങ്ങനെയിരിക്കെ ഇവര്‍ക്ക് തമ്മില്‍ എങ്ങനെ യോജിക്കാനാകുമെന്ന് സുധീരന്‍ ചോദിച്ചു.

സ്വാധീനമുള്ള ഭാഗങ്ങളില്‍ വേരുറപ്പിക്കാനുള്ള ശ്രമങ്ങളാണ് ആര്‍.എസ്.എസ് നടത്തുന്നത്. അതിന്റെ ഭാഗമായാണ് അവര്‍ കേരളത്തില്‍ എസ്.എന്‍.ഡി.പിയെ കൂടെക്കൂട്ടാന്‍ നോക്കുന്നത്. ഗുരുസന്ദേശം വിസ്മരിച്ചുകൊണ്ടുള്ള ഈ കൂട്ടുകെട്ട് ഗൗരവമായി കാണേണ്ട സംഗതിയാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ മണ്ണില്‍ സംഘപരിവാര്‍ അജണ്ട നടപ്പാക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.