500 രൂപ ദിവസവേതനം നല്‍കിയാല്‍ തോട്ടംമേഖല സ്തംഭിക്കും: ഷിബു ബേബി ജോണ്‍

തിരുവനന്തപുരം: തോട്ടം തൊഴിലാളികള്‍ക്ക് 500 രൂപ പ്രതിദിന വേതനം നല്‍കുന്നത് പ്രായോഗികമല്ലെന്ന് തൊഴില്‍ മന്ത്രി ഷിബുബേബി ജോണ്‍. 500 രൂപ ദിവസവേദനം നല്‍കിയാല്‍ തോട്ടം മേഖല സ്തംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. വി.എസ് അച്യുതാന്ദന്റെ പ്രസ്ഥാവനകളെയും ഷിബു ബേബി ജോണ്‍ വിമര്‍ശിച്ചു.

പ്രതിപക്ഷ നേതാവായ വി.എസ് അച്യുതാനന്ദന്‍ കേരളത്തിലെ സമാരാധ്യനായ നേതാവാണ്. അദ്ദേഹത്തിന് ജനങ്ങളുടെ മനസ്സിലൊരു സ്ഥാനമുണ്ട്. എന്നാല്‍ അദ്ദേഹമിത് ദുരുപയോഗം ചെയ്യാന്‍ പാടില്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. പ്രതിപക്ഷ സ്ഥാനത്തിരുന്ന് പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ പറയരുതെന്നും മന്ത്രി, വി.എസിനെ ഓര്‍മിപ്പിച്ചു.

താന്‍ തൊഴില്‍മന്ത്രി സ്ഥാനത്ത് ഇരിക്കണോ എന്ന് തീരുമാനിക്കേണ്ടത് തൊഴിലാളികളാണെന്നും അവര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ അക്കാര്യം പരിഗണിക്കാമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാര്‍ മോഡലിലുള്ള സമരം വയനാട് അടക്കം സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടരുന്നതിലുള്ള ആശങ്കയും മന്ത്രി പ്രകടിപ്പിച്ചു. ട്രേഡ് യൂണിയനുകള്‍ തൊഴിലാളികളുടെ അവിഭാജ്യ ഘടകമാണെന്നും യൂണിയനുകളെ ഒഴിവാക്കിയുള്ള സമരരീതി ആശാസ്യമല്ലെന്നും മന്ത്രി പറഞ്ഞു. ട്രേഡ് യൂണിയനുകളെ അടച്ചക്ഷേപിക്കുന്നത് അരാജകത്വമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.