മൂന്നാര്‍ സമരം തീര്‍ന്നു കേസുകള്‍ ബാക്കി

മൂന്നാര്‍: മൂന്നാറില്‍ തോട്ടം തൊഴിലാളികള്‍ നടത്തിവന്ന സമരം തീര്‍ന്നെങ്കിലും സമരകാലത്തുണ്ടായ കേസുകള്‍ തൊഴിലാളികളെ കോടതി കയറ്റും. ഒന്‍പത് ദിവസത്തെ സമരത്തിനിടെ ഏഴ് തവണ മണിക്കൂറുകളോളം കൊച്ചി-ധനുഷ്‌കോടി ദേശീയ പാത ഉപരോധിച്ചു. റോഡ് ഉപരോധിച്ചതിന് ഹൈക്കോടതി വിധി പ്രകാരം ആയിരത്തിയഞ്ഞൂറോളം പേര്‍ക്കെതിരെ കേസ് നിലനില്‍ക്കുകയാണ്. ഒരോ ദിവസവും ഇരുനൂറു മുന്നൂറും പേര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്. സമരക്കാരുടെ പേര് വെളിപ്പെടുത്താതെ കണ്ടാലറിയാവുന്ന ആളുകള്‍ എന്ന നിലയിലാണ് എഫ്‌ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്. തങ്ങള്‍ക്കെതിരെ കേസുണ്ടെന്ന് കാര്യം തൊഴിലാളികള്‍ അറിഞ്ഞിട്ടില്ല. ഐഎന്റ്റിയുസി, സിഐറ്റിയു എന്നീ യൂണിയനുകളുടെ ഓഫീസിന് കല്ലെറിഞ്ഞ സംഭവത്തിലും 23 തൊഴിലാളികള്‍ക്കെതിരെ കേസുണ്ട്. അക്രമം നടത്തുന്നതിന്റെ വീഡിയോ പോലീസ് ശേഖരിച്ചിട്ടുണ്ട്. കല്ലേറില്‍ നിരവധി സ്ത്രീകള്‍ പ്രതികളാണ്. കൂടാതെ ടാറ്റാ കമ്പനിയുടെ കോള്‍ സെന്ററിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തിയെന്ന് കാണിച്ച് മാനേജ്‌മെന്റ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതി പ്രകാരവും കേസെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. സമരം ആരംഭിച്ച അവസരത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനം തടസപ്പെടുത്തരുതെന്ന് കാണിച്ച് ഹൈക്കോടതിയില്‍ നിന്നും കമ്പനി മാനേജ്‌മെന്റ് ഉത്തരവ് നേടിയിരുന്നു. ഓരോ ദിവസവും കമ്പനിയില്‍ നടന്ന ഉല്‍പ്പാദനത്തിന്റെ കണക്ക് പോലീസ് ശേഖരിച്ച് ഹൈക്കോടതിയില്‍ നല്‍കണമെന്നും ഉത്തരവുണ്ടായിരുന്നു. ഇതു പ്രകാരം കമ്പനിയുടെ എല്ലാ പ്രോഡക്ഷന്‍ കേന്ദ്രങ്ങളിലും പോലീസ് ഓരോ ദിവസവും പരിശോധന നടത്തി. നാല് ദിവസം പൂര്‍ണമായും കമ്പനിയുടെ പ്രവര്‍ത്തനം തടസപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. എട്ട് കോടിയുടെ നഷ്ടമാണ് സമരം മൂലം കമ്പനിക്കുണ്ടായിരിക്കുന്നത്. കമ്പനിക്ക് നഷ്ടം വരുത്തിയവര്‍ക്കെതിരെ ഹൈക്കോടതി നിര്‍ദ്ദേശിച്ചാല്‍ കേസെടുക്കേണ്ടിവരും. കോടതി ഉത്തരവ് ലംഘിച്ചു എന്നതാകും തൊഴിലാളികള്‍ക്കെതിരെ വരാന്‍ പോകുന്ന കുറ്റം.

© 2024 Live Kerala News. All Rights Reserved.