സർക്കാർ ആശുപത്രിയിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരം

കോട്ടയം∙ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ പൂർത്തിയായി. മൂന്നു മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയ വിജയകരമെന്ന് ഡോക്ടർമാർ അറിയിച്ചു. സംസ്ഥാനത്തെ സർക്കാർ ആശുപത്രിയിൽ ആദ്യമായാണ് ഹൃദയമാറ്റ ശസ്ത്രക്രിയ നടക്കുന്നത്. പത്തനംതിട്ട സ്വദേശി പൊടിമോനാണ് കൊച്ചിയിലെ ലൂർദ് ആശുപത്രിയിൽ മരിച്ച പടിഞ്ഞാറേ കടുങ്ങല്ലൂർ തെക്കുംമുട്ടത്ത് വിനയകുമാറിന്റെ (45) ഹൃദയം സ്വീകരിച്ചത്.

വാഹനാപകടത്തിൽ മരിച്ച വിനയകുമാറിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കളാണ് അനുമതി നൽകിയത്. ഇതിൽ ഹൃദയം പൊടിമോന് വച്ചുപിടിപ്പിക്കാനുള്ള ശ്രമമാണ് രാത്രി ആരംഭിച്ചത്. പൊടിമോന്റെ രക്തവുമായി ക്രോസ് മാച്ച് നടത്തി അനുയോജ്യമെന്നുള്ള റിപ്പോർട്ട് അമൃത ആശുപത്രിയിൽ നിന്നു രാത്രി ലഭിച്ചു. തുടർന്നു മെഡിക്കൽ കോളജ് ആശുപത്രിയിലെ ഹൃദശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ.ടി.കെ.ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വിനയകുമാറിന്റെ ഹൃദയം വേർപെടുത്തുന്ന ശസ്ത്രക്രിയ അർധരാത്രിയോടെ ലൂർദിൽ ആരംഭിച്ചു.

മൂന്നു മാസം മുൻപ് ഹൃദയാഘാതത്തെ തുടർന്നാണ് പൊടിമോനെ മെഡിക്കൽ കോളജ് ആശുപത്രി ഹൃദ്രോഗ വിഭാഗത്തിൽ ചികിത്സയിൽ പ്രവേശിപ്പിച്ചത്. ഹൃദയ വാൽവിനു ഗുരുതരമായ തകരാർ കണ്ടെത്തിയതിനെ തുടർന്ന് ജീവൻ രക്ഷിക്കണമെങ്കിൽ ഹൃദയമാറ്റ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു.

ഞായറാഴ്ച ഉച്ചയ്ക്കു പാതാളം ഇഎസ്ഐ ഡിസ്പെൻസറിക്കു സമീപമാണ് വിനയകുമാർ സഞ്ചരിച്ച സ്കൂട്ടർ അപകടപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ  വിനയകുമാറിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനമെടുത്തത്.

© 2024 Live Kerala News. All Rights Reserved.