കോട്ടയത്തെ ആദ്യ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആരംഭിച്ചു

കോട്ടയം ∙ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രി യ ആരംഭിച്ചു. ഹൃദ്രോഗബാധയെ തുടർന്ന് ഹൃദയത്തിന്റെ പ്രവർത്തനം ഭാഗികമായി നിലച്ച പത്തനംതിട്ട സ്വദേശി പൊടിമോന്റെ (50) ഹൃദയമാണു മാറ്റിവയ്ക്കുന്നത്. കൊച്ചിയിലെ ലൂർദ് ആശുപത്രിയിൽ മരിച്ച പടിഞ്ഞാറേ കടുങ്ങല്ലൂർ തെക്കുംമുട്ടത്ത് വിനയകുമാറിന്റെ (45) അവയവങ്ങൾ ദാനം ചെയ്യാനാണു ബന്ധുക്കൾ അനുമതി നൽകിയത്. ഇതിൽ ഹൃദയം പൊടിമോന് വെച്ചുപിടിപ്പിക്കാനുള്ള ശ്രമമാണ് രാത്രി ആരംഭിച്ചത്.

പൊടിമോന്റെ രക്തവുമായി ക്രോസ് മാച്ച് നടത്തി അനുയോജ്യമെന്നുള്ള റിപ്പോർട്ട് അമൃതാആശുപത്രിയിൽ നിന്നു രാത്രി ലഭിച്ചു. തുടർന്നു മെഡിക്കൽ കോളജ് ആശുപത്രിയിലെ ഹൃദശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ.ടി.കെ.ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വിനയകുമാറിന്റെ ഹൃദയം വേർപെടുത്തുന്ന ശസ്ത്രക്രിയ അർധരാത്രിയോടെ ലൂർദിൽ ആരംഭിച്ചു.

മൂന്നു മാസം മുൻപ് ഹാർട്ട് അറ്റാക്കിനെ തുടർന്നാണ് പൊടിമോനെ മെഡിക്കൽ കോളജ് ആശുപത്രി ഹൃദ്രോഗ വിഭാഗത്തിൽ ചികിത്സയിൽ പ്രവേശിപ്പിച്ചത്. ഹൃദയ വാൽവിനു ഗുരുതരമായ തകരാർ കണ്ടെത്തിയതിനെ തുടർന്ന് ജീവൻ രക്ഷിക്കണമെങ്കിൽ ഹൃദയമാറ്റ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു.

ഞായറാഴ്ച ഉച്ചയ്ക്കു പാതാളം ഇഎസ്ഐ ഡിസ്പെൻസറിക്കു സമീപമാണ് വിനയകുമാർ സഞ്ചരിച്ച സ്കൂട്ടർ അപകടപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ വിനയകുമാർ ഇനി ജീവിതത്തിലേക്കു മടങ്ങില്ല എന്ന് ഉറപ്പായതോടെയാണു ബന്ധുക്കൾ വിനയകുമാറിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനമെടുത്തത്. തന്റെ പ്രതീക്ഷകൾ അവസാനിച്ചെങ്കിലും കുറച്ചാളുകൾക്കെങ്കിലും പുതുജീവിതമാകട്ടെയെന്ന ഭാര്യ ബിന്ദുവിന്റെ ധീരമായ തീരുമാനമാണ് അവയവദാനത്തിന് വഴിയൊരുക്കിയത്.

© 2024 Live Kerala News. All Rights Reserved.