ന്യൂദല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പു സമയത്ത് നല്കിയ നിയമ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്‌ടെത്തിയതിനെ തുടര്‍ന്ന് ദല്‍ഹി നിയമന്ത്രി ജിതേന്ദ്ര സിംഗ് തോമറിനെ പോലീസ് അറസ്റ്റു ചെയ്തു. അറസ്റ്റിലായ മന്ത്രിയെ പോലീസ് സ്റ്റേഷനിലേയ്ക്ക് മാറ്റി. ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തേക്കും. ബിഹാറിലെ തിലക് മാഞ്ചി ഭഗല്‍പൂര്‍ സര്‍വ്വകലാശാലയില്‍ നിന്ന് നിയമബിരുദം നേടിയെന്നായിരുന്നു നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം തോമര്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ദല്‍ഹി ഹൈക്കോടതിയില്‍ സര്‍വ്വകലാശാല നല്‍കിയ വിവരമനുസരിച്ച് തോമര്‍ നല്‍കിയ പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിലെ നമ്പര്‍ മറ്റൊരാളുടെ പേരിലാണ്. ഇതോടെയാണ് തോമര്‍ വ്യാജ സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കിയതെന്ന് വ്യക്തമായത്. ഉത്തര്‍പ്രദേശിലെ ഡോ. റാം മനോഹര്‍ ലോഹ്യ അവാധ് സര്‍വ്വകലാശാലയില്‍ നിന്ന് സയന്‍സില്‍ ബിരുദമെടുത്തുവെന്ന തോമറുടെ അവകാശവാദവും തെറ്റാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് തെളിവ് ലഭിച്ചതായി ചൂണ്ടിക്കാട്ടി ദല്‍ഹി ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍ കേസില്‍ കക്ഷിചേര്‍ക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, തന്റെ സര്‍ട്ടിഫിക്കറ്റ് നൂറു ശതമാനം സത്യമാണെന്നും രാജിവയ്ക്കില്ലെന്നും തോമര്‍ അറിയിച്ചു. കേസ് കെട്ടിച്ചമച്ചതാണ്. സര്‍ട്ടിഫിക്കറ്റ് സത്യമാണെന്നു തെളിയിക്കാനുള്ള രേഖകള്‍ കൈവശമുണ്ടെന്നുമാണ് തോമര്‍ മാധ്യമപ്രവര്‍ത്തകരോടു പ്രതികരിച്ചത്. അതേസമയം അറസ്റ്റിനെതിരേ ദല്‍ഹി സര്‍ക്കാരും ആം ആദ്മി പാര്‍ട്ടിയും രംഗത്തെത്തി. എഎപി സര്‍ക്കാരിനോടുള്ള പകപോക്കലിന്റെ ഭാഗമായാണ് ദല്‍ഹി പൊലീസിന്റെ നടപടിയെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ ആരോപിച്ചു. കേന്ദ്ര സര്‍ക്കാരും ദല്‍ഹി ലഫ്.ഗവര്‍ണര്‍ നജീവ് ജംഗുമാണ് അറസ്റ്റിനു പിന്നിലെന്നും എഎപി ആരോപിക്കുന്നു. ദല്‍ഹി സര്‍ക്കാരും ലഫ്. ഗവര്‍ണറും തമ്മില്‍ നടക്കുന്ന അധികാര വടംവലിക്കിടെയാണ് മന്ത്രിയുടെ അറസ്റ്റ് എന്നതും ശ്രദ്ധേയമാണ്.
ജന്മഭൂമി: http://www.janmabhumidaily.com/news293705