ആഭ്യന്തര യുദ്ധം രൂക്ഷമായ യെമനില്‍ 70 ഇന്ത്യക്കാര്‍ കൂടി കുടുങ്ങിയിട്ടുള്ളതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ആഭ്യന്തര യുദ്ധം രൂക്ഷമായ യെമനില്‍ 70 ഇന്ത്യക്കാര്‍ കൂടി കുടുങ്ങിയിട്ടുള്ളതായി റിപ്പോര്‍ട്ട്. ഗുജറാത്ത് സ്വദേശികളാണ് 15 ദിവസമായി യെമനിലെ കോക്ക തുറമുഖത്ത് കുടുങ്ങിക്കിടക്കുന്നത്. ഗുജറാത്തിലെ തീരദേശ ഗ്രാമങ്ങളായ മണ്ഡാവി, കച്ച് ജാംനഗറിലെ ജോഡിയ, സലയ എന്നീ ഗ്രാമങ്ങളില്‍ നിന്നുള്ളവരാണ് 70 പേരും.

അഞ്ച് ബോട്ടുകളിലായി കാര്‍ഗോ ഇറക്കാനായി പോയതാണ് ഇവര്‍. കഴിഞ്ഞ രാത്രിയിലും മരണത്തില്‍ നിന്ന് ഇവര്‍ കഷ്ടിച്ചു രക്ഷപെടുകയായിരുന്നു. ഇവര്‍ തങ്ങിയിരുന്ന സ്ഥലത്തേക്ക് പലതവണ റോക്കറ്റാക്രമണമുണ്ടായി. അഞ്ച് ബോട്ടുകളും തങ്ങള്‍ 70 പേരും കുടുങ്ങിക്കിടക്കുകയാണെന്നും എത്രയും വേഗം തങ്ങളെ രക്ഷിക്കണമെന്നും ഓഡിയോ സന്ദേശത്തിലൂടെ ഇവരില്‍ ഒരാളായ സിക്കന്ദര്‍ അധികാരികളോട് അഭ്യര്‍ഥിച്ചു.

‘യുദ്ധവിമാനങ്ങള്‍ ബോംബുകള്‍ വര്‍ഷിക്കുകയാണ്. ഞങ്ങളെ സഹായിക്കണം. ഞങ്ങള്‍ ഇന്ത്യക്കാരാണ്. ഞങ്ങള്‍ വളരെ വലിയ ബുദ്ധിമുട്ടിലാണ്. അവര്‍ ഞങ്ങളെ കൊല്ലും എത്രയും വേഗം ഞങ്ങളെ രക്ഷിക്കണം’ഇതായിരുന്നു സന്ദേശം. സപ്തംബര്‍ എട്ടിന് സൗദി സഖ്യസേനയുടെ വ്യോമാക്രമണത്തില്‍ ഇവിടെ എട്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടിരുന്നു.

ഡിജിബോട്ടിയിലെ ക്യാമ്പ് ഓഫീസ് കേന്ദ്രീകരിച്ച് യെമനില്‍ കുടുങ്ങിയിട്ടുള്ളവരെ സുരക്ഷിതമായി അവിടെ നിന്ന് രക്ഷപെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു

© 2024 Live Kerala News. All Rights Reserved.