മെയ്‌വെതര്‍ ലോക വെല്‍റ്റര്‍ വെയ്റ്റ് ബോക്‌സിങ് ചാംപ്യന്‍; വിരമിക്കാനുള്ള തീരുമാനത്തില്‍ നിന്നും മാറ്റമില്ല

 

ലാസ്‌വെഗാസ്: ഫ്‌ലോയ്ഡ് മെയ്‌വെതര്‍ ലോക വെല്‍റ്റര്‍ വെയ്റ്റ് ബോക്‌സിങ് ചാംപ്യന്‍. അമേരിക്കയുടെ തന്നെ ആന്ദ്രെ ബെര്‍ട്ടോയെയാണ് മെയ്‌വെതര്‍ തോല്‍പ്പിച്ചത്. മൂന്നു വിധികര്‍ത്താക്കളുടെയും തീരുമാനം മെയ്‌വെതറിന് അനുകൂലമായി. 117-111, 118-110, 120-108 എന്നീ സ്‌കോറിനാണ് മെയ്‌വെതറിന്റെ ജയം.

പ്രൊഫഷനല്‍ ബോക്‌സിങ്ങില്‍ മെയ്‌വെതറിന്റെ തുടര്‍ച്ചയായ 49 ാം വിജയമാണിത്. ഇതോടെ കരിയറില്‍ തോല്‍വിയറിയാതെ 49 മല്‍സരങ്ങള്‍ എന്ന റോക്കി മാര്‍സിയാനോയുടെ റെക്കോര്‍ഡിനൊപ്പം മെയ്‌വെതറുമെത്തി. അതേസമയം, വിരമിക്കാനുള്ള തീരുമാനത്തില്‍ നിന്നും മാറ്റമില്ലെന്ന് മല്‍സരശേഷം മെയ്‌വെതര്‍ വ്യക്തമാക്കി. മുന്‍പും വിരമിക്കല്‍ പ്രഖ്യാപിച്ച ശേഷം ഇടിക്കൂട്ടിലേക്കു തിരിച്ചെത്തിയ ചരിത്രമുണ്ടെങ്കിലും ഇത്തവണത്തെ തീരുമാനത്തില്‍ നിന്നും മാറ്റമില്ലെന്ന് മെയ്‌വെതര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

‘നൂറ്റാണ്ടിന്റെ പോരാട്ടം’ എന്നു വിശേഷിപ്പിക്കപ്പെട്ട ലോക വെല്‍റ്റര്‍ വെയ്റ്റ് കിരീടപ്പോരാട്ടത്തില്‍ ഫിലിപ്പീന്‍സുകാരന്‍ മാനി പക്വിയാവോയെ തോല്‍പിച്ച ശേഷമുള്ള മെയ്‌വെതറുടെ തിരിച്ചുവരവാണിത്. ബോക്‌സിങ് അസോസിയേഷന്റെ നിബന്ധനകള്‍ പാലിക്കാത്തതിനാല്‍ മെയ്‌വെതറില്‍നിന്നു കിരീടം തിരിച്ചെടുത്തിരുന്നു.

© 2024 Live Kerala News. All Rights Reserved.