മക്കയിലെ ക്രെയിൻ ദുരന്തം: മലയാളി ഉൾപ്പെടെ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടു; മരണസംഖ്യ 107 ആയി

മക്ക:ഹറം പള്ളിയിൽ നിർമാണപ്രവർത്തനങ്ങൾക്കിടെ രണ്ടു ക്രെയിനുകൾ തകർന്നു പ്രദക്ഷിണവഴിയിലേക്കു (മത്താഫ്) പതിച്ച് മരിച്ചവരുടെ എണ്ണം 107 ആയി. ഇതിൽ രണ്ടു ഇന്ത്യക്കാരും ഉൾപ്പെടുന്നു. 15 ഇന്ത്യക്കാരുൾപ്പെടെ 200ൽ അധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരുടെ നില ഗുരുതരമാണ്. അതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. പാലക്കാട് കൽമണ്ഡപം മീന നഗർ ഹൗസ് നമ്പർ 10ൽ മുഹമ്മദ് ഇസ്മയിലിന്റെ ഭാര്യ മൂമിനയാണു (33) മരിച്ച മലയാളി. പരുക്കേറ്റ ഇന്ത്യക്കാരിൽ 11 പേർ ഹജ് കമ്മിറ്റി മുഖേനെ വന്നവരും നാലുപേർ സ്വകാര്യ ടൂർ ഓപ്പറേറ്റർ മുഖേനെ വന്നവരുമാണ്. ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് അധികൃതർ സംഭവസ്ഥലത്തുണ്ടെന്നും വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ട്വീറ്റ് ചെയ്തു.

ഭർത്താവ് മുഹമ്മദ് ഇസ്മയിലിനൊപ്പം പാലക്കാട്ടെ ട്രാവൽ ഏജൻസി വഴി മൂന്നു ദിവസം മുൻപാണു മക്കയിലേക്കു പോയത്. മുഹമ്മദ് ഇസ്മയിലിനും ചെറിയ പരുക്കുണ്ട്. കനത്ത കാറ്റും മഴയും മൂലം ക്രെയിൻ പൊട്ടിവീഴുകയായിരുന്നു. പരുക്കേറ്റ ഇന്ത്യക്കാരില്‍ നാലു പേർ ഇന്ത്യന്‍ കോൺസുലേറ്റിനു കീഴിലുള്ള ഇന്ത്യൻ ഹജ് മിഷൻ ആശുപത്രിയിലും മറ്റുളളവർ കിങ് അബ്ദുൽഅസീസ്, നൂര്‍, സാഹിര്‍ ആശുപത്രികളിലുമാണ്.

വൈകിട്ട് അഞ്ചു മണിക്കു ശേഷമായിരുന്നു അപകടം. മഗ്‌രിബ് നമസ്‌കാരത്തിനായി തീർഥാടകർ ഹറമിലേക്ക് എത്തുന്ന സമയമായതും ദുരന്തവ്യാപ്‌തി കൂട്ടി. പ്രദക്ഷിണം നടത്തുകയായിരുന്ന തീർഥാടകർക്കു മുകളിലേക്കാണു ക്രെയിൻ പൊട്ടിവീണത്. ഹജ് തീർഥാടനത്തിന്റെ പ്രധാന കർമങ്ങൾ തുടങ്ങാൻ പത്തു ദിവസം മാത്രം ബാക്കിനിൽക്കെയാണു ദുരന്തം.

ഇക്കൊല്ലം ഹജ് നിർവഹിക്കാനെത്തുമെന്നു കരുതുന്ന തദ്ദേശീയരും വിദേശികളുമായ 20 ലക്ഷത്തോളം തീർഥാടകരിൽ ഏറിയ പങ്കും പുണ്യഭൂമിയിലെത്തിക്കഴിഞ്ഞു. കേരളത്തിൽ നിന്നുള്ളവരടക്കം പകുതിയിലേറെ ഇന്ത്യൻ ഹാജിമാരും മക്കയിലെത്തി. സംസ്ഥാന ഹജ് കമ്മിറ്റി മുഖേനയെത്തിയ മലയാളി ഹാജിമാരെല്ലാം ഇപ്പോൾ മക്കയിലാണ്. സ്വകാര്യ ഗ്രൂപ്പുകൾ വഴിയെത്തിയവർ മദീനയിലാണ്. മൂന്നു വർഷം മുൻപു മത്താഫ് വികസനം അടക്കമുള്ള ഹറം പള്ളി വിപുലീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചതു മുതൽ വിദേശ ഹജ് ക്വോട്ടയിൽ 20 ശതമാനവും ആഭ്യന്തര ക്വോട്ടയിൽ 50 ശതമാനവും കുറവ് വരുത്തിയിരുന്നു.

ലക്ഷക്കണക്കിനു തീർഥാടകർക്കായി കനത്ത സുരക്ഷാ സജ്ജീകരണങ്ങളാണു ഹജ് കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ളത്. നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ആ ഭാഗങ്ങളിലേക്കു തീർഥാടകർ പോകാതിരിക്കാനായി ചില കവാടങ്ങൾ അടയ്ക്കുകയും ചെയ്തിരുന്നു.

© 2024 Live Kerala News. All Rights Reserved.