ചത്തീസ്ഗഢില്‍ ഇറച്ചിക്ക് നിരോധനം ഏര്‍പ്പെടുത്തി

മുംബൈ: ഇറച്ചി നിരോധം വ്യാപകമാകുന്നു. മഹാരാഷ്ട്രയ്ക്കും രാജസ്ഥാനും, ഗുജറാത്തിനും പുറമെ ചത്തീസ്ഗഢിലും ഇറച്ചി നിരോധിച്ചു. ജൈന പുണ്യനാളുകളായതിനാല്‍ സപ്തംബര്‍ 17വരെയാണ് നിരോധനം. മുംബൈ പോലൊരു മഹാനഗരത്തില്‍ ഇറച്ചി നിരോധിക്കുന്നത് പ്രായോഗികമല്ലെന്ന് മുംബൈ ഹൈക്കോടതി അഭിപ്രായപ്പെട്ടു. മാടുകളെ കശാപ്പു ചെയ്യുന്നതും മാട്ടിറിച്ചി വില്‍ക്കുന്നതും നിരോധിച്ചതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ അഭിപ്രായപ്രകടനം. ‘നിങ്ങള്‍ക്ക് എങ്ങനെയാണ് ഇറച്ചി വില്‍പന നിരോധിക്കാന്‍ കഴിയുക. പോലീസും മുനിസിപ്പല്‍ ഓഫീസര്‍മാരും വീടുകളില്‍ കയറിച്ചെന്ന് ഇറച്ചി കഴിക്കരുതെന്ന് പറയുമോകോടതി ചോദിച്ചു. മുംബൈ പോലൊരു ആധുനിക നഗരത്തില്‍ ഇത്തരത്തിലൊരു മാര്‍ഗം അവലംബിക്കാന്‍ പാടില്ലായിരുന്നുകോടതി നീരീക്ഷിച്ചു.

മുംബൈയില്‍ ഇറച്ചി നിരോധനത്തിനെതിരെ ശിവസേനയും മഹാരാഷ്ട്രാ നവനിര്‍മാണ്‍ സേനയും ഇറച്ചിവിറ്റ് പ്രതിഷേധിക്കുകയുണ്ടായി. വ്യത്യസ്തമായ സംഭവത്തില്‍ മാടുകളെ കശാപ്പു ചെയ്യുന്നതും മാട്ടിറിച്ചി വില്‍ക്കുന്നതും കൈവശംവെക്കുന്നതും നിരോധിക്കുന്ന, 150 വര്‍ഷം പഴക്കമുള്ള നിയമം കര്‍ശനമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജമ്മുകശ്മീര്‍ ഹൈക്കോടതി സംസ്ഥാനസര്‍ക്കാറിന് നിര്‍ദേശം നല്‍കി. ഇതിനെതിരെ സംസ്ഥാനത്ത് ഹുറിയത്ത് കോണ്‍ഫറന്‍സ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

രാജസ്ഥാനില്‍ ജൈന പുണ്യദിനങ്ങളായ സപ്തംബര്‍ 17, 18, 27 തീയതികളില്‍ മാംസവില്പനയും മത്സ്യവില്പനയും അറവും നിരോധിച്ചിട്ടുണ്ട്. അഹമ്മദാബാദില്‍ സമാന കാരണത്താല്‍ സപ്തംബര്‍ 10 മുതല്‍ 17 വരെ ആടുമാടുകളെ അറക്കുന്നതും വില്‍ക്കുന്നതും പോലീസ് നിരോധിച്ചു.

© 2024 Live Kerala News. All Rights Reserved.