മുംബൈ ട്രെയിന്‍ സ്‌ഫോടന പരമ്പര കേസ് :12 പേര്‍ കുറ്റക്കാരാണെന്ന് പ്രത്യേക മക്കോക്ക കോടതി; ഒരാളെ വിട്ടയച്ചു

മുംബൈ: 2006ലെ മുംബൈ ട്രെയിന്‍ സ്‌ഫോടന പരമ്പര കേസില്‍ 12 പേര്‍ കുറ്റക്കാരാണെന്ന് പ്രത്യേക മക്കോക്ക കോടതി. ഒരാളെ വിട്ടയച്ചു. 189 പേര്‍ കൊല്ലപ്പെടുകയും എണ്ണൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ 13 പ്രതികളെയാണ് വിചാരണ ചെയ്തത്. സംഭവത്തില്‍ ആറ് മലയാളികളും കൊല്ലപ്പെട്ടിരുന്നു.

2006 ജൂലൈ 11നാണ് നഗരത്തെ നടുക്കിയ സ്‌ഫോടന പരമ്പരയുണ്ടായത്. മുംബൈ സബര്‍ബന്‍ ട്രെയിനുകളിലെ ഫസ്റ്റ് ക്ലാസ് കംപാര്‍ട്ടുമെന്റുകളില്‍ സ്ഥാപിച്ച ബോംബുകള്‍ തിരക്കേറിയ സമയത്ത് പൊട്ടിത്തെറിക്കുകയായിരുന്നു. വൈകിട്ട് ആറരയ്ക്കിടെ നടന്ന സ്‌ഫോടനത്തില്‍ ജോലി കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങുകയായിരുന്നവരാണ് ഇരയായത്.

കേസില്‍ അറസ്റ്റിലായ 13 സിമി പ്രവര്‍ത്തകരെ ഭീകരവാദ കുറ്റം ചുമത്തിയാണ് വിചാരണ ചെയ്തത്. കേസിലെ മുഖ്യ സൂത്രധാരനടക്കം 15ഓളം പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. പാകിസ്താന്‍ ഭീകര സംഘടനയായ ലഷ്‌കറെ ത്വയ്ബയ്ക്കും ഇതില്‍ പങ്കുണ്ടെന്ന് പൊലീസ് പറയുന്നു.

പ്രത്യേക കോടതിയില്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ വിചാരണ പൂര്‍ത്തിയായിരുന്നു. മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യം തടയല്‍ നിയമം (മക്കോക്ക) ചുമത്തിയാണ് പ്രതികളെ വിചാരണ ചെയ്തത്. 192 സാക്ഷികളെ വിസ്തരിച്ചു.

© 2024 Live Kerala News. All Rights Reserved.