രാജ്യത്തെ 400 റെയില്‍വെ സ്റ്റേഷനുകള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ വികസിപ്പിക്കും: അരുണ്‍ ജെയ്റ്റ്‌ലി

കൊച്ചി: രാജ്യത്തെ 400 റെയില്‍വെ സ്റ്റേഷനുകള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ വികസിപ്പിക്കുമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. ഇതിനായി ഉടന്‍ ടെണ്ടര്‍ ഉടന്‍ വിളിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ബിജെപി വാണിജ്യവ്യവസായ സെല്‍ സംഘടിപ്പിച്ച പരിപാടിയില്‍ ‘ഭാരതം ആഗോള സമ്പദ് വ്യവസ്ഥയുടെ നേതൃത്വത്തിലേയ്ക്ക്’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നിക്ഷേപ സൗഹൃദമാകാന്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ ആരോഗ്യകരമായ മത്സരം വേണം. എല്ലാ മേഖലകളിലും മൂലധന നിക്ഷേപത്തിന് അനുവദിച്ചാലേ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സമ്പദ് വ്യവസ്ഥ ശക്തമാകാനും കഴിയു. സ്വകാര്യ മൂലധനത്തെ അകറ്റി നിര്‍ത്തേണ്ടതില്ല. നിക്ഷേപങ്ങള്‍ വരാന്‍ നികുതിയിളവ് ഉള്‍പ്പടെ വഴികള്‍ ഒരുക്കണം. ലോകത്തിന്റെ അവസ്ഥയ്ക്ക് യോജിച്ചതാകണം നികുതിഘടന. അല്ലെങ്കില്‍ അനുയോജ്യമായ സ്ഥലങ്ങള്‍ നിക്ഷേപകര്‍ തിരഞ്ഞെടുക്കും. അതിനായാണ് ചരക്ക് സേവന നികുതി നടപ്പാക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. കാലഹരണപ്പെട്ട മുദ്രാവാക്യങ്ങള്‍ ഉപേക്ഷിച്ചാലേ നിക്ഷേപം ലഭിക്കൂ. നിക്ഷേപമില്ലാതെ വളര്‍ച്ച കൈവരിക്കാന്‍ കഴിയില്ല. സാമ്പത്തിക പ്രവൃത്തികള്‍ വഴിയേ കൂടുതല്‍ നികുതിയും തൊഴിലും ലഭ്യമാകൂ. കേരളം, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍ മാത്രമാണ് ധനക്കമ്മി. രണ്ടിടത്തും ഇടതുപക്ഷമാണ് ഭരിച്ചത്. അതിന്റെ ഫലമാണിത്. അസംഘടിത മേഖലയിലെ ചെറുകിട ഇടത്തരം വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കും. കുടുംബവും വ്യക്തികളും നയിക്കുന്ന സര്‍ക്കാരുകള്‍ തുടര്‍ച്ചതായി ഭരിക്കുന്നത് രാജ്യത്തിനും ജനാധിപത്യത്തിനും നാശമാകും. ഭരണപരമായ ചുമതല ഇല്ലാതിരുന്നിട്ടും ബദല്‍ അധികാരം സൃഷ്ടിച്ചും നിയന്ത്രിച്ച കാലവും ഇന്ത്യയ്ക്കുണ്ട്. ജനാധിപത്യത്തിന്റെ അപകടാവസ്ഥയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചടങ്ങില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍, സെല്‍ സംസ്ഥാന കണ്‍വീനര്‍ ഋഷി പല്‍പ്പു എന്നിവരും പങ്കെടുത്തു.

© 2024 Live Kerala News. All Rights Reserved.