ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുത്തു: രോഗികള്‍ ദുരിതത്തില്‍

തിരുവനന്തപുരം: സമരം നടത്തുന്ന കേരള ഗവ. മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ (കെജിഎംഒഎ) ഉന്നയിച്ച വിവിധ ആവശ്യങ്ങളില്‍ മന്ത്രിതലത്തില്‍ നടത്തിയ ചര്‍ച്ച വിഫലമായി. ഡോക്ടര്‍മാര്‍ ഇന്നു കൂട്ട അവധിയെടുത്തതോടെ രോഗികള്‍ ദുരിതത്തിലായി. അത്യാഹിത വിഭാഗത്തിലുള്ള ഡോക്ടര്‍മാര്‍ മാത്രമാണ് ഡ്യൂട്ടിക്കു ഹാജരായത്. ഇന്നു മുതല്‍ സമരം ശക്തമാക്കുമെന്ന് അസോസിയേഷന്‍ അറിയിച്ചു.

ഡോക്ടര്‍മാര്‍ പണിമുടക്കിയതോടെ ആശുപത്രിയിലെത്തിയ മിക്ക രോഗികളും ദുരിതത്തിലായി. പെട്ടെന്ന് പ്രഖ്യാപിച്ച സമരമായതിനാല്‍ ദൂരസ്ഥലങ്ങളില്‍ നിന്നുമെത്തിയ രോഗികള്‍ വലഞ്ഞു. പലരെയും മറ്റു ആശുപത്രികളില്‍ നിന്നും സര്‍ക്കാര്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തവരായിരുന്നു.

അതേസമയം, ഒരു വിഭാഗം ഡോക്ടര്‍മാര്‍ നടത്തുന്ന സമരം ശക്തമായി നേരിടുമെന്നു മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. സംഘടന മുന്നോട്ടുവച്ച ന്യായമായ ആവശ്യങ്ങളെല്ലാം അംഗീകരിച്ചിട്ടും സര്‍ക്കാരിനെ അറിയിക്കാതെയാണു സമരത്തിനിറങ്ങിയത്. ഇതു ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മന്ത്രി അറിയിച്ചു. സെക്രട്ടേറിയറ്റിനു മുന്നിലെ നിരാഹാര സമരം തുടരുമെന്നു കെജിഎംഒഎ അറിയിച്ചു. ഇന്നു ജില്ലാതല പ്രതിഷേധ ധര്‍ണകളും നടത്തും.

നിരാഹാര സമരത്തിലായിരുന്ന അസോസിയേഷന്‍ പ്രസിഡന്റ് ഡോ. എസ്. പ്രമീളാദേവിയെ അവശതയെത്തുടര്‍ന്നു ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നൈറ്റ് ഡ്യൂട്ടി ഓര്‍ഡര്‍ പിന്‍വലിക്കുക, ജില്ല, ജനറല്‍ ആശുപത്രികള്‍ അശാസ്ത്രീയമായി മെഡിക്കല്‍ കോളജുകളാക്കുന്നത് അവസാനിപ്പിക്കുക, പിജി ഡപ്യൂട്ടേഷന്‍ പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരം.

© 2024 Live Kerala News. All Rights Reserved.