അഭയാര്‍ഥിയെയും കുട്ടിയെയും തട്ടിവീഴ്ത്തിയ വനിതാ ഫൊട്ടോഗ്രഫറെ പുറത്താക്കി

 

ബുഡാപെസ്റ്റ്: അഭയാര്‍ഥികളെ തട്ടിവീഴ്ത്തിയ ഹംഗറിക്കാരിയായ ടിവി മാധ്യമപ്രവര്‍ത്തകയെ സ്വകാര്യ ടിവി ചാനല്‍ പുറത്താക്കി. പൊലീസിനെ ഭയന്നു കുട്ടിയുമായി ഓടുകയായിരുന്ന ആളെയാണു ടിവി ക്യാമറയുമായെത്തിയ യുവതി തട്ടിവീഴ്ത്തിയത്. ഒരു പെണ്‍കുട്ടിയെയും തട്ടിവീഴ്ത്തി. ഈ ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലും സമൂഹമാധ്യമങ്ങളിലും പ്രചരിച്ചതോടെയാണു ചാനല്‍ നടപടിയെടുത്തത്.

പടിഞ്ഞാറന്‍ യൂറോപ്പിലേക്കു കുടിയേറാനായി സിറിയയില്‍ നിന്നടക്കം എത്തുന്ന അഭയാര്‍ഥികള്‍ക്കു ഹംഗറിയാണു പ്രധാന പ്രവേശനകവാടം. എന്നാല്‍ കുടിയേറ്റവിരുദ്ധരായ ഹംഗറിയിലെ വലതുപക്ഷ ഭരണകൂടം കുടിയേറ്റക്കാര്‍ യൂറോപ്പിന്റെ വികസനവും മൂല്യങ്ങളും തകര്‍ക്കുമെന്ന നിലപാടിലാണ്.

നാന്നരലക്ഷത്തിലേറെ വരുന്ന അഭയാര്‍ഥികളെ വിവിധ രാജ്യങ്ങള്‍ പങ്കിട്ടു കുടിയേറ്റപ്രശ്‌നം പരിഹരിക്കാനുള്ള പദ്ധതികളുമായി യൂറോപ്യന്‍ യൂണിയന്‍ കമ്മിഷന്‍ മുന്നോട്ടുപോകവേ, ഹംഗറി അതിര്‍ത്തിയില്‍ പൊലീസ് അഭയാര്‍ഥികളെ തടഞ്ഞത് സംഘര്‍ഷം സൃഷ്ടിച്ചു.

സെര്‍ബിയയില്‍ നിന്നുള്ള പ്രധാന പ്രവേശന കവാടത്തില്‍ പൊലീസ്‌നിര ഭേദിച്ച നൂറുകണക്കിന് അഭയാര്‍ഥികള്‍ക്കു നേരെ പൊലീസ് ബലപ്രയോഗം നടത്തിയതോടെ അവര്‍ നാലുപാടും ചിതറിയോടുകയായിരുന്നു. അഭയാര്‍ഥികള്‍ റയില്‍വേ സ്റ്റേഷനിലെത്തുന്നതു തടയാന്‍ ബുഡാപെസ്റ്റിലേക്കുള്ള പ്രധാന ഹൈവേയും പൊലീസ് അടച്ചു.
യൂറോപ്യന്‍ യൂണിയന്‍ പ്രഖ്യാപിച്ച നിര്‍ബന്ധിത ക്വോട്ട പ്രകാരം ഓരോ രാജ്യവും അഭയാര്‍ഥികളെ സ്വീകരിക്കാതെ പ്രശ്‌നത്തിനു പരിഹാരം ഉണ്ടാകില്ലെന്നു ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ പറഞ്ഞു. എട്ടു ലക്ഷത്തോളം അഭയാര്‍ഥികള്‍ ജര്‍മനിയില്‍ അഭയം തേടുമെന്നാണു പ്രതീക്ഷിക്കുന്നത്. വരുംവര്‍ഷങ്ങളിലായി അഞ്ചു ലക്ഷത്തോളം പേര്‍ക്ക് അഭയം നല്‍കാനുള്ള സന്നദ്ധത ജര്‍മനി പ്രഖ്യാപിച്ചിട്ടുണ്ട്.

വഴക്കടിക്കാതെ ധീരവും ഉറച്ചതുമായ തീരുമാനമെടുക്കേണ്ട സന്ദര്‍ഭമാണിതെന്നു യൂറോപ്യന്‍ യൂണിയന്‍ കമ്മിഷന്‍ മേധാവി ഴാങ് ക്ലൊഡ് ജങ്കര്‍ പറഞ്ഞു. അഭയം നല്‍കുമ്പോള്‍ മതവിവേചനം പാടില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. തിങ്കളാഴ്ച പ്രഖ്യാപിച്ച ക്വോട്ട സമ്പ്രദായം സ്വീകാര്യമല്ലെന്നു ഹംഗറിയും ചെക്ക് റിപ്പബ്ലിക്കും സ്ലോവാക്യയും വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.