ജമ്മു കാശ്മീരിലും ബീഫ് നിരോധനം ഗോവധത്തിനെതിരെ ഹൈക്കോടതി വിലക്ക്

ശ്രീനഗര്‍: ബീഫ് നിരോധനത്തിനെതിരെ പ്രതിഷേധങ്ങള്‍ ആളിക്കത്തുമ്പോള്‍ ജമ്മു കാശ്മീരിലും നിരോധനം ഏര്‍പ്പെടുത്തുന്നു. ഇനി ജമ്മുകാശ്മീര്‍ സ്വദേശികള്‍ക്കും ബീഫ് കഴിക്കാന്‍ കഴിയില്ല. ഗോവധത്തിനെതിരെ ജമ്മു കാശ്മീര്‍ ഹൈക്കോടതിയുടെ വിലക്ക്. ഇതോടെ ബീഫ് പലയിടത്തും കിട്ടാകനിയാകും. ഗോവധത്തിനെതിരെ അഭിഭാഷകനായ പരിമോക്ഷ് സേത്ത് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതി ബീഫ് വില്‍ക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മഹാരാഷ്ട്രയിലും, ഗോവയിലും ബീഫ് നിരോധനത്തിനെതിരെ പ്രതിഷേധങ്ങള്‍ തുടരുമ്പോഴാണ് ജമ്മു കാശ്മീരിലും നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ജസ്റ്റിസ് ധിരാജ് സിംഗ് ഠാക്കൂര്‍, ജസ്റ്റിസ് ജനക് രാജ് കോട്ട്‌വാള്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പശുക്കളെയും കാളകളെയും കൊല്ലുന്നതും മാംസം വില്‍ക്കുന്നതും 298 എ, ആര്‍.പി.സി 298 ബി എന്നീ വകുപ്പുകള്‍ പ്രകാരം ശിക്ഷാര്‍ഹമാണെന്നാണ് പറയുന്നത്. കന്നുകാലികളെ വിറ്റ് ജീവിക്കുന്ന കര്‍ഷകര്‍ക്ക് ഹൈക്കോടതിയുടെ ഉത്തരവ് തിരിച്ചടിയായിരിക്കുകയാണ്. സംസ്ഥാനത്ത് ഗോവധവും വില്‍പ്പനയും കണ്ടാല്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം

© 2024 Live Kerala News. All Rights Reserved.