ദുബായില്‍ എസ് എസ് എല്‍ സി തുല്യതാ പരീക്ഷ ആരംഭിച്ചു

ദുബായ്: കേരള വിദ്യാഭ്യാസ വകുപ്പിന്റെ സാക്ഷരതാ മിഷന്റെ കീഴിലുള്ള എസ്എസ്എല്‍സി തുല്യതാ പരീക്ഷ ആരംഭിച്ചു. യുഎഇയില്‍ ദുബായ് ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂള്‍ മാത്രമാണു പരീക്ഷാകേന്ദ്രം. യുഎഇയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വനിതകള്‍ ഉള്‍പ്പെടെ 24 മുതല്‍ 56 വയസ്സുവരെയുള്ള 57 പേരാണു പരീക്ഷയെഴുതുന്നത്. ഏഴു ദിവസങ്ങളിലായി നടക്കുന്ന പരീക്ഷ 17നു സമാപിക്കും. ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂളില്‍ 2013ല്‍ 51 പേരും 2014ല്‍ 73 പേരുമാണു പരീക്ഷയെഴുതിയത്. അന്നു ചില വിഷയങ്ങളില്‍ വിജയിക്കാതെപോയ നാലുപേര്‍ ഇത്തവണ പരീക്ഷയെഴുതുന്നതായി പരീക്ഷാ ചീഫ് സൂപ്രണ്ട് കെ.ആര്‍. സുരേന്ദ്രന്‍ നായര്‍ പറഞ്ഞു. പരീക്ഷാ സമ്പര്‍ക്ക കേന്ദ്രങ്ങളായി ദുബായ് കെഎംസിസി ഓഫിസും അബുദാബി ഇസ്‌ലാമിക് സെന്ററും പ്രവര്‍ത്തിച്ചു വരുന്നു. ഇവിടങ്ങളില്‍ പരീക്ഷാര്‍ഥികള്‍ക്കുള്ള ക്ലാസുകളും നടക്കുന്നു. 2013ലാണു സര്‍ക്കാര്‍ തുല്യതാ പരീക്ഷ ആരംഭിച്ചത്. അടുത്ത എസ്എസ്എല്‍സി തുല്യതാ പരീക്ഷയ്ക്കുള്ള ബാച്ചിലേക്കു പ്രവേശനം ആരംഭിച്ചതായി ദുബായ് കെഎംസിസി പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ പറഞ്ഞു. ഫോണ്‍: 04 2727773

© 2024 Live Kerala News. All Rights Reserved.