ഭീകരന്‍ എന്നാരോപണം: യുഎസില്‍ സിഖുകാരന് ക്രൂരമര്‍ദ്ദനം

ന്യൂയോര്‍ക്ക്: യുഎസ്സില്‍ ഇന്ത്യന്‍ വംശജനായ സിഖുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു. ഷോപ്പിങ് മാര്‍ക്കറ്റിലേക്ക് കാറില്‍ പോവുകയായിരുന്ന ഇന്ദര്‍ജിത് സിങ് മുക്കര്‍ എന്നയാളെ യുഎസ്സുകാരനായ പ്രതി വഴിയില്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. ഭീകരരെ, നിങ്ങളുടെ നാട്ടിലേക്കു തിരികെ പോകൂ ബിന്‍ ലാദന്‍ എന്നു ആക്രോശിച്ചാണ് പ്രതി ഇന്ദര്‍ജിത് സിങ് മുക്കറെ മര്‍ദ്ദിച്ചത്. കഴിഞ്ഞ ദിവസം ചിക്കാഗോയില്‍ വച്ചായിരുന്നു സംഭവം.

ഷോപ്പിങ് മാര്‍ക്കറ്റിലേക്കു പോകുക വഴി യുഎസ്സ് പൗരനും രണ്ടു കുട്ടികളുടെ പിതാവുമായ ഇന്ദര്‍ജിത്തിന്റെ കാറിനെ തുടര്‍ച്ചയായി മറ്റൊരു കാര്‍ പിന്തുടരുകയും മുന്നില്‍ കയറാന്‍ ശ്രമിക്കുകയും ചെയ്തു. ഇന്ദര്‍ജിത്ത് തന്റെ കാര്‍ വശത്തേക്ക് മാറ്റി പുറകെ വന്ന കാറിനു പോകാന്‍ അവസരം നല്‍കി. എന്നാല്‍ ആ കാറിലെ ഡ്രൈവര്‍ ഇന്ദര്‍ജിത്തിന്റെ കാറിനെ തടഞ്ഞു നിര്‍ത്തി. ഇന്ദര്‍ജിത്തിനെ കാറില്‍ നിന്നു പുറത്തു വലിച്ചിറക്കി മുഖത്ത് കൈമുഷ്ടി കൊണ്ടു ബോധം നഷ്ടപ്പെടും വരെ തുടരെത്തുടരെ ഇടിച്ചു.

ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. ഇന്ദര്‍ജിത്തിന്റെ കവിളെല്ലുകള്‍ക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. കവിള്‍ത്തടങ്ങള്‍ക്കും മുറിവുണ്ട്. പ്രതിയെന്നു സംശയിക്കുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

യുഎസ്സില്‍ സിഖുകാര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ ഓഗസ്റ്റിലും ഭീകരനെന്നു പറഞ്ഞ് സന്ദീപ് സിങ് എന്ന സിഖുകാരന്‍ മര്‍ദ്ദിക്കപ്പെട്ടിരുന്നു. 2012ല്‍ സിഖ് കുടുംബത്തിനു നേരെയുണ്ടായ വെടിവിയ്പില്‍ ആറു സിഖുകാര്‍ കൊല്ലപ്പെട്ടിരുന്നു.

© 2024 Live Kerala News. All Rights Reserved.