രഞ്ജിനി ഹരിദാസിന്റെ വീട്ടിലെത്തി പട്ടിപ്പാട്ട് നടത്തുമെന്ന് ഗായകന്‍

മനുഷ്യ ജീവന് ഭീഷണി ഉണര്‍ത്തുന്ന തെരുവുപട്ടികളെ പിന്തുയ്ക്കുന്ന രഞ്ജിനി ഹരിദാസിന്റെയും കേന്ദ്രമന്ത്രി മനേകാ ഗാന്ധിയുടെയും വീട്ടിലെത്തി പട്ടിപ്പാട്ട് നടത്തുമെന്ന് ഗായകന്‍ തൃശൂര്‍ നസീര്‍. 101 മണിക്കൂര്‍ മൗത്ത് ഓര്‍ഗന്‍ വായിച്ച് ഗിന്നസ് ബുക്കില്‍ ഇടം നേടിയ കലാകാരനാണ് തൃശൂര്‍ നസീര്‍. തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ പിഞ്ചുകുട്ടികള്‍ക്കടക്കം പരിക്കേറ്റത് കണ്ടു മനംനൊന്താണ് ഇത്തരത്തില്‍ ഒരു പ്രതിഷേധത്തിന് ഗായകന്‍ തയ്യാറെടുക്കുന്നത്.

ഞ്ജിനി ഹരിദാസിന്റെ വീട്ടില്‍ പട്ടികളുമായി എത്തി, പാട്ടുപാടി പ്രതിഷേധിക്കാനാണ് ഗായകന്റെ തീരുമാനം. ഇതിനു മുന്നോടിയായി ഈ മാസം 13ന് ഹൈക്കോടതി ജങ്ഷനില്‍ കലാപരിപാടികള്‍ അവതരിപ്പിച്ച് പ്രതിഷേധം അറിയിക്കുമെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു. തെരുവുനായ്ക്കള്‍ കുട്ടികളെ ആക്രമിക്കുന്ന സംഭവങ്ങള്‍ ഈയിടെയായി വര്‍ധിക്കുകയാണ്. ഇതിനെതിരെ പലയിടങ്ങളിലും നാട്ടുകാരടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെയാണ് ഗായകന്‍ പ്രതിഷേധത്തിനൊരുങ്ങുന്നത്.

തെരുവുനായ്ക്കളെ കൊല്ലരുതെന്ന നിലപാടില്‍ പ്രതിഷേധിച്ച് നേരത്തെയും നസീര്‍ രംഗത്തെത്തിയിരുന്നു. ഒരിക്കല്‍ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് നസീറിനെ തെരുവുനായ്ക്കള്‍ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനുശേഷമാണ് ഈ സംഭവത്തില്‍ പ്രതിഷേധവുമായി നസീര്‍ രംഗത്തിറങ്ങിയത്. ബോധവല്‍ക്കരണത്തിലൂടെ മാത്രമേ ഈ അവസ്ഥ മാറ്റാന്‍ കഴിയൂവെന്നും അതിനാല്‍ പാട്ടുപാടി ബോധവത്കരിക്കാന്‍ രംഗത്തിറങ്ങുമെന്നും നസീര്‍ അന്നുപ്രഖ്യാപിച്ചിരുന്നു. മിമിക്രി രംഗത്തും സംഗീത രംഗത്തും സജീവമായി നില്‍ക്കുന്ന നസീര്‍. നേരത്തെ ലഹരി വിരുദ്ധ പ്രചാരണങ്ങളിലും പങ്കെടുത്തിരുന്നു.

© 2024 Live Kerala News. All Rights Reserved.