മൂന്നാര്‍ തോട്ടം തൊഴിലാളികളുടെ സമരം ആറാം ദിവസത്തിലേക്ക്: തീരുമാനമെടുക്കാന്‍ 26 വരെ സമയം വേണമെന്ന് ഷിബു ബേബി ജോണ്‍

മൂന്നാര്‍: തോട്ടംതൊഴിലാളികള്‍ക്ക് കണ്ണന്‍ദേവന്‍ കമ്പനി നല്‍കുന്ന ശമ്പളവും, ബോണസും വര്‍ധിപ്പിക്കണമെന്ന് ആവിശ്യപ്പെട്ട് ആരംഭിച്ച സമരം ഇന്ന് ആറാംദിവസത്തിലേക്ക്. ഇന്നലെ തിരുവനന്തപുരത്ത് തൊഴില്‍വകുപ്പ് മന്ത്രി ഷിബുബേബി ജോണുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയൊന്നും ആകാത്തതിനെ തുടര്‍ന്നാണ് സമരം ഇന്നും തുടരുന്നത്. സര്‍ക്കാരിന് തീരുമാനം എടുക്കാന്‍ ഈ മാസം ഇരുപത്തിയാറ് വരെ സാവകാശം വേണമെന്നും മന്ത്രി ഷിബുബേബി ജോണ്‍ ചര്‍ച്ചയ്ക്കുശേഷം വ്യക്തമാക്കിയിരുന്നു.

ബോണസ് ഇരുപത് ശതമാനം വര്‍ധിപ്പിക്കുക, ശമ്പളം 500 രൂപയായി ഉയര്‍ത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ആയിരത്തിലേറെ തോട്ടം തൊഴിലാളികളായ സ്ത്രീകള്‍ സെപ്റ്റംബര്‍ അഞ്ചിന് യാതൊരു യൂണിയനുകളുടെ പിന്തുണയും ഇല്ലാതെ മൂന്നാര്‍ ടൗണില്‍ സമരത്തിനിറങ്ങിയത്. വര്‍ഷങ്ങളായി എസ്റ്റേറ്റുകളില്‍ ജോലി ചെയ്യുന്ന തോട്ടം തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ വാങ്ങിനല്‍കുന്നതില്‍ യൂണിയനുകള്‍ ശ്രദ്ധ കാട്ടുന്നില്ലെന്ന് സമരക്കാര്‍ വ്യക്തമാക്കിയിരുന്നു.

സമരത്തിനെത്തിയ തൊഴിലാളികളെല്ലാം തന്നെ കനത്ത മഴയും, വെയിലും അവഗണിച്ചാണ് റോഡില്‍ കുത്തിയിരിക്കുന്നത്. മൂന്നാറില്‍ കണ്ണന്‍ദേവന്‍ കമ്പനിക്കെതിരായ സമരം ശക്തമായതോടെ ടാറ്റയുടെ പെരിയക്കനാല്‍, പള്ളിവാസല്‍ എസ്റ്റേറ്റിലെ തൊഴിലാളികളും സമരവുമായി രംഗത്തെത്തിയിട്ടുണ്ട്. തൊഴിലാളികള്‍ സമരം ആരംഭിച്ചതോടെ തുറക്കുമെന്ന് അറിയിച്ചിരുന്ന ടാറ്റയുടെ പള്ളിവാസലിലെ ഫാക്റ്ററി അടക്കുകയും ചെയ്തു.

© 2024 Live Kerala News. All Rights Reserved.