കര്‍ണാടകയില്‍ നിന്ന് 50 കാരി ബൈക്കോടിച്ച് മൂന്നാറിലെത്തി

മൂന്നാര്‍: കര്‍ണാടകയില്‍നിന്ന് 1050 കി.മീ. ബുള്ളറ്റ് ബൈക്ക് ഒടിച്ച് അന്‍പതുകാരിയും മകനും മൂന്നാറിലെത്തി. തേക്കടി, ചെന്നൈ വഴി തിരികെ കര്‍ണാടകത്തിലെ ബെളഗാവിയിലെത്തുമ്പേള്‍ ബൈക്ക് യാത്ര 2500 കി.മീ പിന്നിടും. കര്‍ണാടകത്തിലെ ബെളഗാവിയില്‍ താമസിക്കുന്ന എയര്‍ഫോഴ്‌സ് ഗ്രൂപ്പ് ക്യാപ്റ്റന്‍ ദീപക് ഗംഭീറിന്റെ ഭാര്യ ജ്യോതി ഗംഭീറാണ് ബുള്ളറ്റ് ബൈക്ക് സ്വയം ഓടിച്ചു മൂന്നാറില്‍ എത്തിയത്. മകന്‍ അക്ഷത് മറ്റൊരു ബൈക്കിലും മാതാവിനൊപ്പം എത്തിയിരുന്നു.

അന്‍പതുകാരി ജ്യോതിയുടെ മൂന്നാമത്തെ ദൂരമേറിയ യാത്രയാണിത്. ബൈക്ക് ഹരമായിരുന്ന ജ്യോതിയുടെ ആദ്യയാത്ര ചണ്ഡീഗഡ്, ലഡാക്ക്, കാര്‍ഗില്‍, പഞ്ചാബ്, മഹാരാഷ്ട്ര, ഗുജറാത്ത്, വഴി 5000 കി.മീ. 17 ദിവസം കൊണ്ടു തിരികെ കര്‍ണാടകത്തില്‍ എത്തി. രണ്ടാമത്തെ യാത്ര ജമ്മു, ശിവമൊഗ്ഗ, അകുംബേ ഭാഗത്തേക്കായിരുന്നു. എന്‍ജിനീയറായ മൂത്ത മകന്‍ സിദ്ധാര്‍ഥ് ഇളയ മകന്‍ അക്ഷതും ഒപ്പമുണ്ടായിരുന്നു. ഇക്കുറി ഇളയ മകന്‍ മാത്രമാണു കൂടെ.

ജ്യോതി ഗംഭീറിന്റെ പിതാവിന് ഒരു എസ്ഡി ബൈക്കുണ്ടായിരുന്നു. 13–ാമത്തെ വയസ്സില്‍ ആ ബൈക്ക് ജ്യോതി ഓടിക്കുമായിരുന്നു. അന്നു തുടങ്ങിയതാണു ബൈക്ക് കമ്പം. മൂത്തമകന്‍ സിദ്ധാര്‍ഥ് ബുള്ളറ്റ് ബൈക്ക് വാങ്ങിയതോടെയാണു മാതാവായ ജ്യോതിക്ക് ബുള്ളറ്റ് കമ്പം തുടങ്ങിയത്. അങ്ങനെ സ്വന്തമായി സമ്പാദിച്ച തുക കൊണ്ടു രണ്ടര വര്‍ഷം മുന്‍പ് പുതിയ ബുള്ളറ്റ് കരസ്ഥമാക്കി.

മറ്റുള്ളവരെ ജര്‍മന്‍ ഭാഷ പഠിപ്പിച്ചും, ഫോര്‍ വീല്‍, ടൂ വീല്‍ പഠിപ്പിച്ചും കിട്ടിയ തുക കൊണ്ട് ഒരു ചെറിയ ഹാന്‍ഡിക്രാഫ്റ്റ് ഷോപ്പ് തുടങ്ങിയതില്‍നിന്നു കിട്ടുന്ന വരുമാനം കൊണ്ടാണു യാത്രയ്ക്കുള്ള പണം ഇവര്‍ കണ്ടെത്തുന്നത്. മൂന്നാറിലെത്തിയ അമ്മയും മകനും തേക്കടി, കമ്പം, തേനി, മധുര, ചെന്നൈ വഴി കര്‍ണാടകത്തിലേക്കു മടങ്ങും.

photo curtesy :  manorama

 

© 2024 Live Kerala News. All Rights Reserved.