കന്നഡ സാഹിത്യകാരന്‍ കെ.എസ് ഭഗവാന് ഭീഷണിക്കത്ത്

ബെംഗളൂരു: കന്നഡ സാഹിത്യകാരന്‍ കെ.എസ് ഭഗവാന് തപാലില്‍ ഭീഷണിക്കത്ത് ലഭിച്ചു. ഇതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ സുരക്ഷ ശക്തമാക്കി. അദ്ദേഹത്തിന്റെ മൈസൂരിലെ വീടിന് പോലീസ് കാവലേര്‍പ്പെടുത്തി. തീവ്രഹിന്ദുത്വ സംഘടനകളുടെ ഭീഷണി നേരിടുന്ന സാഹിത്യകാരനാണ് ഭഗവാന്‍.

കന്നഡ സാഹിത്യകാരനും ഭാഷാ പണ്ഡിതനുമായ ഡോ. എം.എം. കല്‍ബുര്‍ഗിയെ കൊലപ്പെടുത്തിയ സംഭവത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ പ്രമുഖ സാഹിത്യകാരന്മാര്‍ക്ക് പോലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. ജ്ഞാനപീഠം ജേതാവ് ഗിരീഷ് കര്‍ണാട്, എസ്.എം. ബൈരപ്പ അടക്കമുള്ള സാഹിത്യകാരന്മാര്‍ക്കാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്.

കല്‍ബുര്‍ഗി വെടിയേറ്റുമരിച്ചശേഷം ബജ്‌റംഗ്ദള്‍ നേതാവ് ബുവിത് ഷെട്ടി ഭഗവാനെ ലക്ഷ്യംവെച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടത് ഗൗരവമായാണ് പോലീസ് കാണുന്നത്. ഹൈന്ദവ വികാരങ്ങള്‍ വ്രണപ്പെടുത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന തരത്തിലായിരുന്നു പോസ്റ്റുകള്‍. ഇതില്‍ ബുവിത് ഷെട്ടിക്കെതിരെ പോലീസ് സ്വമേധയാ കേസെടുക്കുകയുംചെയ്തു.

”അന്ന് യു.ആര്‍. അനന്തമൂര്‍ത്തി, ഇപ്പോള്‍ എം.എം. കല്‍ബുര്‍ഗി. ഹിന്ദുയിസത്തെ കളിയാക്കുന്നവര്‍ക്ക് പട്ടിയുടെ മരണം. അടുത്തത് കെ.എസ്. ഭഗവാന്‍” ഇതായിരുന്നു ഷെട്ടിയുടെ ട്വീറ്റ്.

© 2024 Live Kerala News. All Rights Reserved.