സൗദിയില്‍ ഒട്ടകങ്ങള്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ നടപ്പിലാക്കും

റിയാദ്: സൗദി കാര്‍ഷിക മന്ത്രാലയത്തിന്റെ തീരുമാനപ്രകാരം രാജ്യത്തെ ഒട്ടകങ്ങള്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ നടപ്പാക്കുന്നു. സൗദിയില്‍ ആദ്യമായി നടപ്പിലാക്കുന്ന പദ്ധതിക്കു നേതൃത്വം നല്‍കുന്നതു മലയാളി വെറ്ററിനറി ഡോക്ടര്‍മാര്‍ അടങ്ങുന്ന 16 അംഗ സംഘമാണ്.
രാജ്യത്തെ എല്ലാ ഒട്ടകങ്ങള്‍ക്കും പന്ത്രണ്ടക്ക നമ്പര്‍ മൈക്രോചിപ്പിലൂടെ ശരീരത്തില്‍ നിക്ഷേപിച്ച് ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ സംവിധാനം നടപ്പാക്കുന്നു. അരിമണിയോളം വലിപ്പമുള്ള ഈ ചിപ്പ് റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ എന്നാണ് അറിയപ്പെടുന്നത്.
ഒട്ടകത്തിന്റ കഴുത്തില്‍ ഇന്‍ജക്റ്റ് ചെയ്താണ് ഈ മൈക്രോ ചിപ്പ് സ്ഥാപിക്കുന്നത്. തുടര്‍ന്ന് ഈ മൈക്രോ ചിപ്പിനെ ഒരു ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ മുഖേനബന്ധിപ്പിക്കും. സ്മാര്‍ട്ട്‌ഫോണില്‍ പ്രവര്‍ത്തിക്കുന്ന ഈ ആപ്ലികേഷനില്‍ ഒട്ടകത്തിന്റെ ചിത്രം, ഇനം, നിറം, ലിംഗം, വയസ്, ഉടമയുടെ പേര് എന്നിവ ഉള്‍പ്പടെ ഒട്ടകത്തെ സംബന്ധിച്ച എല്ലാ വിവരങ്ങളും രേഖപ്പെടുത്തും.
2010 ലെ ഏകദേശകണക്കു പ്രകാരം 10 ലക്ഷത്തിലധികം ഒട്ടകങ്ങളാണ് സൗദിയിലുള്ളത്. അല്‍ഖസീം മേഖലയിലെ രണ്ടു ലക്ഷം ഒട്ടകങ്ങളിലാണ് ഇപ്പോള്‍ ഈ സംവിധാനം ഏര്‍പ്പെടുത്തുന്നത്. അപകടങ്ങളില്‍പ്പെടുന്നതോ മരുഭൂമിയില്‍ അലഞ്ഞു നടക്കുന്നതോ ആയ ഒട്ടകങ്ങളെ ഈ സംവിധാനം മുഖേന തിരിച്ചറിയുവാന്‍ സാധിക്കും.
രോഗങ്ങള്‍, വില്‍പ്പന തുടങ്ങി എല്ലാവിവരങ്ങളും ഉടമ ബന്ധപ്പെട്ടവരെ ഈ നമ്പര്‍ മുഖേന അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സല്‍സബീ ല്‍വെറ്റിറിനറി എന്ന കമ്പനിയാണ് സൗദിയില്‍ പദ്ധതിനടപ്പിലാക്കുന്നത്. കമ്പനി മേധാവി വി.കെ.ആര്‍. അഹമ്മദ്, മലയാളി ഡോക്ടര്‍മാരായ ഗിരീഷ്, മുഹമ്മദ് ഷാഫി എന്നിവര്‍ നേതൃത്വം നല്‍കുന്ന സംഘത്തില്‍ ഒന്‍പതു മലയാളി ഡോക്ടര്‍മാരും രണ്ടു വീതം ഈജിപഷ്യന്‍, പാകിസ്താനി ഡോക്ടര്‍മാരുമാണുള്ളത്

© 2024 Live Kerala News. All Rights Reserved.