തിരുവനന്തപുരം:സംസ്ഥാനത്തെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന കലാകാരന്മാരുടെ കൂട്ടായ്മയായ നിഴലാട്ടം ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സെക്രട്ടറിയറ്റിനു മുന്നിൽ ഫോട്ടോപ്രദർശനം സംഘടിപ്പിച്ചു .സിനിമ, ഡോക്യുമെന്ററി,ഷോർട്ട്ഫിലിം, ഫോട്ടോഗ്രഫി, ഡിസൈനിംഗ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയാണ് തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നിഴലാട്ടം. കാനന ഭംഗിയും പരിസ്ഥിതിയിലെ അപൂർവ കാഴ്ചകൾക്കൊപ്പം നമുക്ക് ചുറ്റുമുള്ള പാരിസ്‌ഥിതിക വെല്ലുവിളികളെയും ജനങ്ങള്‍ക്ക് മനസിലാക്കിക്കൊടുക്കുന്ന ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത് . രാവിലെ 10 മണിക്ക് പ്രശസ്ത ചിത്രകാരൻ ബി.ഡി.ദത്തൻ നിഴലാട്ടം പരിസ്ഥിതി സംരക്ഷണ പ്രവർത്തന ലോഗോ പ്രമുഖ തമിഴ് തിയേറ്റർ ആർടിസ്റ്റും സിനിമാ താരവുമായ ശങ്കരനാരായണ് കൈമാറിക്കൊണ്ട് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ഈ ഫോട്ടോപ്രദർശനം വാനിൽ നിന്നും വർഷിക്കുന്ന മഴത്തുള്ളികൾക്കു സമാനമായി നമ്മുടെ നാട്ടിൽ പ്രകൃതി സംരക്ഷണത്തിന്റെ വേരുകൾ ഉറപ്പിക്കാൻ സഹായകമാകട്ടെ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫ്രീലാൻസ് ഫോട്ടോഗ്രാഫറന്മാരായ സെയ്ദ് ഷിയാസ്, രഹാന ഹബീബ് എന്നിവരും തുഷാർ പ്രതാപ്,അനിൽ രാജ് കെ.എസ്,കണ്ണൻ നായർ എന്നീ നിഴലാട്ടം രക്ഷാധികാരികളും ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു. രാവിലെ പത്ത് മുതൽ വൈകിട്ട് ആറ് മണി വരെയായിരുന്നു പ്രദർശനം . തുടർന്ന് നിഴലാട്ടം അംഗങ്ങൾ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയോടെ മെഴുകുതിരികൾ തെളിക്കുകയും പരിസ്ഥിതി സംരക്ഷണം പ്രമേയമാക്കിയുള്ള കവിതകൾ അവതരിപ്പിക്കുകയും ചെയ്‌തു . ലോക പരിസ്ഥിതിദിന സായാഹ്ന പരിപാടികൾ രതീഷ് രോഹിണിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കവയത്രി വി.എസ്.ബിന്ദു ടീച്ചർ ഉദ്ഘാടനം ചെയ്തു.
കവി വിനോദ് വെള്ളായണി, സാമൂഹ്യ പ്രവർത്തക അശ്വതി നായർ,ചലച്ച്ത്ര താരം കൃഷ്ണൻ ബാല കൃഷ്ണൻ എന്നിവർ സമാപന ചടങ്ങിൽ പങ്കെടുത്തു തുടർന്ന് മാനവീയം തെരുവോരക്കൂട്ടായ്മയിലെ കലാകാരന്മാർ അവതരിപ്പിച്ച വിവിധ പരിപാടികൾ സെക്രട്ടറിയറ്റിനു മുന്നിൽ അരങ്ങേറി.കോരിച്ചൊരിഞ്ഞ മഴയെ വക വയ്ക്കാതെ നിരവധി സ്കൂൾ കുട്ടികളും പൊതുജനങ്ങളും ഫോട്ടോപ്രദർശനം കാണാനെത്തി