ബിഎസ്എന്‍എല്‍ ഇന്റര്‍നെറ്റ് വേഗം നാലിരട്ടി ഉയര്‍ത്തും

കഴിഞ്ഞ വര്‍ഷത്തെ നഷ്ടക്കണക്കുകള്‍ വ്യത്യസ്തമായി ചിന്തിക്കാന്‍ ബിഎസ്എന്‍എലിനെ പ്രേരിപ്പിച്ചുവെന്ന് വേണം കരുതാന്‍. ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്റ് നെറ്റ് വര്‍ക്കിലെ നിലവിലെ ഏറ്റവും കുറഞ്ഞ വേഗതയായ 512 കെബി പിഎസിനെ 2 എംബിപിഎസ് ആയി ഉയര്‍ത്തി കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനൊരുങ്ങുകയാണ് രാജ്യത്തെ പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഈ ടെലികോം സ്ഥാപനം.

ഒക്ടോബര്‍ 1 മുതല്‍ നിലവിലെ എല്ലാ ബ്രോഡ്ബാന്‍ഡ് വരിക്കാര്‍ക്കും യാതൊരു അധികച്ചെലവുമില്ലാതെ ഇത്തരത്തില്‍ വര്‍ധിപ്പിച്ച വേഗതയിലുളള ഇന്റര്‍നെറ്റ് സേവനം ലഭ്യമായിത്തുടങ്ങും. കമ്പനി മാറ്റത്തിന്റെ പാതയിലാണെന്നും കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2 കോടി വരിക്കാരെ തങ്ങള്‍ക്ക് നഷ്ടമായെന്നും തന്മൂലം 7600 കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായെന്നും ബിഎസ്എന്‍എല്‍ സി.എം.ഡി അനുപം ശ്രീവാസ്തവ പറയുന്നു.

ബിഎസ്എന്‍എല്‍ മൊബൈല്‍, ലാന്‍ഡ് ലൈന്‍ ഉപഭോക്താക്കളില്‍ നിന്നും സ്വകാര്യ ടെലെകോംകമ്പനികളിലേക്കുള്ള കൊഴിഞ്ഞുപോക്ക് ശക്തമായതാണ് കുറഞ്ഞ ഇന്റര്‍നെറ്റ് വേഗത നാല് മടങ്ങ് വര്‍ദ്ധിപ്പിച്ച് കൂടുതല്‍ വരിക്കാരെ ആകര്‍ഷിക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിനും ഈ വര്‍ഷം മാര്‍ച്ചിനുമിടയില്‍ 1.78 കോടി മൊബൈല്‍ വരിക്കാരെയും 20 ലക്ഷം ലാന്‍ഡ് ലൈന്‍ വരിക്കാരെയും ബിഎസ്എന്‍എലിന് നഷ്ടപ്പെട്ടിരുന്നു.

© 2024 Live Kerala News. All Rights Reserved.