പാലക്കാട്:ഒളിംപിക്‌സില്‍ രാജ്യത്തിനു വേണ്ടി മെഡല്‍ നേടുന്ന കായിക താരത്തിനു ഒരു കോടി രൂപ പാരിതോഷികം നല്‍കുമെന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പാലക്കാട് ഗവ. മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ സിന്തറ്റിക് ട്രാക്കിന്റെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന്റെ കായികരംഗത്തെ വളര്‍ച്ചയ്ക്കായി താരങ്ങളെ നമ്മുടെ മണ്ണില്‍ നിലനിര്‍ത്തി, 2016 ലെ ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ പര്യാപ്തമാകുംവിധം അവരെ ഉയര്‍ത്തേണ്ടതുണ്ട്. മറ്റു സംസ്ഥാന ടീമുകളിലും സര്‍വീസ് ടീമിലുമുള്ള കേരള താരങ്ങളെ മടക്കി കൊണ്ടുവരാനുള്ള പരിശ്രമം തുടരും. പാലക്കാട്ടെ സിന്തറ്റിക് ട്രാക് നിര്‍മാണത്തിനു നിലവില്‍ അഞ്ചു കോടി രൂപയാണു സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ വിഹിതത്തില്‍നിന്ന് അനുവദിച്ചിട്ടുള്ളത്. നിര്‍മാണം പുരോഗമിക്കുമ്പോള്‍ രണ്ടു കോടി കൂടി നല്‍കുമെന്നും മന്ത്രി അറിയിച്ചു.
മെഡിക്കല്‍ കോളജ് ഹോസ്റ്റലിന്റെ പണി അടുത്ത വര്‍ഷം പൂര്‍ത്തിയാകുമെന്നും ചുറ്റുമതില്‍, ക്യാംപസിനുള്ളിലെ റോഡുകള്‍, ഭൂഗര്‍ഭ കുടിവെള്ള ടാങ്ക് തുടങ്ങിയവയ്ക്കായി ഉടന്‍ ടെന്‍ഡര്‍ ക്ഷണിക്കുമെന്നും ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന മന്ത്രി എ.പി. അനില്‍കുമാര്‍ പറഞ്ഞു. മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടം മൂന്നു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.സിന്തറ്റിക് ട്രാക്കിന്റെ നിര്‍മാണം ആറു മാസത്തിനകം പൂര്‍ത്തിയാകുമെന്നാണു പ്രതീക്ഷയെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു. ദേശീയ സ്‌കൂള്‍ കായിക മേളയില്‍ ചാംപ്യന്മാരായി തിരിച്ചെത്തിയ താരങ്ങള്‍ക്കു നാലു സ്‌കൂളുകളില്‍ ജിംനേഷ്യം സ്ഥാപിക്കുമെന്ന് എംപിയെന്ന നിലയില്‍ താന്‍ നല്‍കിയ വാഗ്ദാനത്തിനു പിന്നാലെ, അന്ന് എംഎല്‍എ നല്‍കിയ സിന്തറ്റിക് ട്രാക് എന്ന വാഗ്ദാനവും ഇപ്പോള്‍ പാലിക്കപ്പെടുകയാണെന്നു എം.ബി. രാജേഷ് എംപി അഭിപ്രായപ്പെട്ടു.