വാട്ട്‌സ് ആപ്പ് ശരിക്കും ആപ്പിലാക്കി ട്ടോ…. അംഗസംഖ്യ 90 കോടി കഴിഞ്ഞു

മൊബൈല്‍ മെസേജിങ് ആപ്പായ വാട്ട്‌സ്ആപ്പിലെ അംഗസംഖ്യ 90 കോടി കഴിഞ്ഞു. കഴിഞ്ഞ അഞ്ചു മാസത്തിനിടെ പത്തുകോടി പുതിയ അംഗങ്ങള്‍ വാട്ട്‌സ്ആപ്പ് ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണിത്.

നിലവില്‍ വാട്ട്‌സ്ആപ്പ് സജീവമായി ഉപയോഗിക്കുന്നവരുടെ പ്രതിമാസ സംഖ്യ 90 കോടി പിന്നിട്ടുവെന്നാണ്, വാട്ട്‌സ്ആപ്പ് ( WhatsApp ) സഹസ്ഥാപകന്‍ ജാന്‍ കോവും ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അറിയിച്ചത്.

ഈ വളര്‍ച്ച തുടര്‍ന്നാല്‍ വാട്ട്‌സ്ആപ്പ് അംഗസംഖ്യ 100 കോടി തികയാന്‍ അധികകാലം വേണ്ടിവരില്ലെന്നാണ് വിലയിരുത്തല്‍. നൂറുകോടി ഡൗണ്‍ലോഡ് തികഞ്ഞ രണ്ടാമത്തെ ആന്‍ഡ്രോയ്ഡ് ആപ്പ് ആയി വാട്ട്‌സ്ആപ്പ് റിക്കോര്‍ഡിട്ടത് കഴിഞ്ഞ ജൂണിലാണ്.

1900 കോടി ഡോളര്‍ നല്‍കി വാട്ട്‌സ്ആപ്പിനെ ഫെയ്‌സ്ബുക്ക് സ്വന്തമാക്കിയത് 2014 ലാണ്. അതിന് ശേഷം വലിയ വളര്‍ച്ച വാട്ട്‌സ്ആപ്പ് രേഖപ്പെടുത്തി.

വാട്ട്‌സ്ആപ്പ് 90 കോടി കടന്നതില്‍ ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക് സര്‍ക്കര്‍ബര്‍ഗും, ഫെയ്‌സ്ബുക്ക് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ (സിഒഒ) ഷെറില്‍ സാന്‍ഡ്ബര്‍ഗും ജാന്‍ കോവുമിനെ അഭിനന്ദിച്ചു.

ഫെയ്‌സ്ബുക്കിന്റെ സ്വന്തം മെസഞ്ചര്‍ ആപ്ലിക്കേഷന് പോലും വാട്ട്‌സ്ആപ്പിനൊപ്പമെത്താന്‍ കഴിഞ്ഞിട്ടില്ല. ഫെയ്‌സ്ബുക്കിന്റെ മുഖ്യസര്‍വീസില്‍നിന്ന് വേര്‍പെടുത്തിയ ശേഷം കഴിഞ്ഞ ജൂണിലാണ് മെസഞ്ചര്‍ ആപ്ലിക്കഷന്റെ അംഗസംഖ്യ 70 കോടി തികഞ്ഞത്.

ഫെയ്‌സ്ബുക്കിന്റെ മുഖ്യ മൊബൈല്‍ ആപ്പിന് പ്രതിമാസം 149 കോടി സജീവ ഉപയോക്താക്കളുണ്ട്.

റഷ്യ, ബ്രസീല്‍, ഇന്ത്യ ഈ മൂന്ന് രാജ്യങ്ങളിലാണ് വാട്ട്‌സ്ആപ്പ് ഏറ്റവുമധികം വളര്‍ച്ച നേരിടുന്നതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. കഴിഞ്ഞ നവംബറില്‍ ഇന്ത്യയില്‍ ഏഴ് കോടി വാട്ട്‌സ്ആപ്പ് അംഗങ്ങളുള്ളതായി വാട്ട്‌സ്ആപ്പ് വെളിപ്പെടുത്തുകയുണ്ടായി. LINE, Viber, Hike തുടങ്ങിയ മെസഞ്ചര്‍ സര്‍വീസുകളുമായാണ് ഇന്ത്യയില്‍ വാട്ട്‌സ്ആപ്പ് മത്സരിക്കുന്നത്

© 2024 Live Kerala News. All Rights Reserved.