ന്യൂഡൽഹി: സൺ ടിവി നെറ്റ്‌വർക്കിന്റെ സെക്യൂരിറ്റി ക്‌ളിയറൻസ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം റദ്ദാക്കി. ഉടമകൾക്കെതിരെ സി.ബി.ഐ, എൻഫോഴ്‌സ്‌മെൻറ് അന്വേഷണങ്ങൾ നടക്കുന്നതിന്റെ പശ്ചാതലത്തിലാണ് നടപടി. ഇതോടെ കമ്പനിയുടെ കീഴിലുള്ള 33 ചാനലുകളുടെ പ്രവർത്തനം റദ്ദായേക്കും. എന്നാൽ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കേണ്ടത് വാർത്താവിതരണ മന്ത്രാലയമാണ്.
കലാനിധി മാരനും സഹോദരൻ ദയാനിധി മാരനുമെതിരേ ക്രിമിനൽ കേസുകൾ നിലവിലുള്ളതു കണക്കിലെടുത്താണ് നടപടിയെന്നു കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം അറിയിച്ചു. കേന്ദ്ര ടെലികോം മന്ത്രിയായിരിക്കെ ചാനലിന് അനധികൃതമായി 300ലേറെ ഹൈ സ്പീഡ് ബി.എസ്.എൻ.എൽ ടെലിഫോൺ ലൈനുകൾ അനുവദിച്ചതിനു ദയാനിധി മാരൻ സി.ബി.ഐയുടെ അന്വേഷണം നേരിടുന്നുണ്ട് 2ജി ഇടപാടിലും ദയാനിധി മാരൻ ആരോപണവിധേയനാണ്. എയർസെൽ മാക്‌സിസ് ഇടപാടിൽ കള്ളപ്പണം വെളുപ്പിച്ചതിന് കലാനിധി മാരന്റെ പേരിൽ കേസ് നിലനിൽക്കുന്നുണ്ട്. വാർത്ത പുറത്ത് വന്നതിനെത്തുടർന്ന് കമ്പനിയുടെ ഓഹരികൾ 25 ശതമാനം ഇടിഞ്ഞു.