മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനായി പരിസ്ഥിതി ആഘാത പഠനത്തിനുള്ള അനുമതി റദ്ദാക്കി

തൊടുപുഴ: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനായി പരിസ്ഥിതി ആഘാത പഠനത്തിനുള്ള അനുമതി റദ്ദാക്കി. കേന്ദ്ര വനം വന്യ ജീവി ബോര്‍ഡാണ് അനുമതി റദ്ദാക്കിയത്. സുപ്രീംകോടതിയില്‍ കേസ് നിലവിലുള്ളതിനാലാണ് നടപടി. കേസുള്ള കാര്യം മറച്ചുവച്ചതിന് കേരളത്തെ ബോര്‍ഡ് വിമര്‍ശിച്ചു. നേരത്തെ കേരളത്തിനു നല്‍കിയ അനുമതിയാണ് ഇപ്പോള്‍ റദ്ദാക്കിയത്.

പരിസ്ഥിതി പഠനത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തില്‍ അപേക്ഷ നല്‍കിയിരുന്നു. സുപ്രീം കോടതിയില്‍ കേസുള്ളതിനാല്‍ അപേക്ഷ പരിഗണിക്കാനാവില്ലെന്ന് മന്ത്രാലയം തീരുമാനമെടുത്തു. വനം വന്യ ജീവി ബോര്‍ഡിന്റെ അനുമതിയുള്ളതിനാല്‍ പരിസ്ഥിതി ആഘാത പഠനവുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടു പോകാമെന്നായിരുന്നു കേരളത്തിന്റെ നിലപാട്.

എന്നാല്‍ വനം വന്യ ജീവി വകുപ്പും അനുമതി റദ്ദാക്കിയതിനാല്‍ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മാണത്തിനായി തുടര്‍ പഠനങ്ങള്‍ നടത്തുന്നതിനുള്ള അനുമതി കേരളത്തിന് ഇതോടെ നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഇനി ഇക്കാര്യത്തില്‍ സുപ്രീംകോടതി എന്തു നിലപാടെടുക്കും എന്നതിനെ ആശ്രയിച്ചായിരിക്കും മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് എന്നുള്ള കേരളത്തിന്റെ ആവശ്യം.

© 2024 Live Kerala News. All Rights Reserved.